കോഴിക്കോട്: കേരള ടെക്നോളജി എക്‌സ്‌പോ 2025 ഫെബ്രുവരി 20 മുതല്‍ 22 വരെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടക്കുമെന്ന് കാലിക്കറ്റ് ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി ഇനീഷ്യേറ്റീവ്(CITI 2.0) ചെയര്‍മാന്‍ അജയന്‍ കെ.ആനന്ദും, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് എം.എ.മെഹബൂബും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് രണ്ടാമത്തെ എക്‌സപോയാണ്. കോഴിക്കോട് നഗരത്തില്‍ യുഎല്‍ സൈബര്‍ പാര്‍ക്കിലും സര്‍ക്കാര്‍ ഐടി പാര്‍ക്കിലുമായി 22ഓളം കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2023ല്‍ നടത്തിയ എക്‌സ്‌പോക്ക് ശേഷം കോഴിക്കോട്ട് ഐടി മേഖലയില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. പുതിയ ഐടി കമ്പനികള്‍ കോഴിക്കോടിനെ തേടിയെത്തുന്നുണ്ട്. നിലവിലുള്ള 2 സൈബര്‍ പാര്‍ക്കുകളിലും നിലവില്‍
ഐടി സ്ഥാപനങ്ങളാരംഭിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പുതിയ ബില്‍ഡിംഗുകള്‍ നിര്‍മ്മിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ പ്രൈവറ്റ് ഇന്‍വെസ്റ്റ്‌മെന്റും വരാന്‍ വേണ്ടി പോകുകയാണ്. ഐടി ഇന്‍വെസ്‌റ്റേഴ്‌സിന്റെ മീറ്റും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും. 5 വര്‍ഷംകൊണ്ട് ഐടി മേഖലയില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഐടി ഹബ്ബാകാന്‍ ഇതുവഴി കോഴിക്കോടിന് സാധിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ അരുണ്‍ കുമാര്‍ കെ, ജനറല്‍ സെക്രട്ടറി അനില്‍ ബാലന്‍, ഹസീബ് അഹമ്മദ്, എം.സി.സി, സൈബര്‍ പാര്‍ക്ക് ജിഎം വിവേക് നായര്‍ എന്നിവരും പങ്കെടുത്തു.