മുഖ്യമന്ത്രി,എഡിജിപി എം.ആര്‍.അജിത്കുമാര്‍, പി.ശശി വിവാദം ആളിക്കത്തുന്നു

മുഖ്യമന്ത്രി,എഡിജിപി എം.ആര്‍.അജിത്കുമാര്‍, പി.ശശി വിവാദം ആളിക്കത്തുന്നു

കോഴിക്കോട്: പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ആളിക്കത്തുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് മുഖ്യമന്ത്രി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ചക്ക് പോയി എന്നാണ്. ഇടത് കണ്‍വീനറായിരുന്ന ഇ.പി.ജയരാജന്‍, ബിജെപി പ്രഭാരി പ്രകാശ് ജവദേകറുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആര്‍.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്ന ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നതെങ്കില്‍ ഇന്ന് മുഖ്യമന്ത്രിക്കെതിരെ തന്നെ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചിരിക്കുകയാണ്.

ഭരണകക്ഷി എം.എല്‍എ ആയ പി.വി.അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും ആരോപണ വിധേയനായ എഡിജിപി തല്‍സ്ഥാനത്ത് തുടരുകയാണ്. കേരള പോലീസിനകത്ത് ആര്‍എസ്എസിന്റെ സ്വാധീനം പിടിമുറുക്കുകയാണെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥാന്മാര്‍ സ്വര്‍ണ്ണ കള്ളക്കടത്ത് ലോബികളുമായി അവിശുദ്ധ ബന്ധം തുടരുകയാണെന്ന കാര്യവും ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പതിനെട്ടടവ് പയറ്റിയിട്ടും ഓരോ ദിവസം കഴിയുന്തോറും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎം പാര്‍ട്ടിയും തന്നെ പ്രതിസന്ധിയിലാവുകയാണ്. സംസ്ഥാനത്ത് മുമ്പൊരിക്കലും ഉണ്ടാവാത്ത അസാധാരണമായ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ആര്‍എസ്എസും, മുഖ്യമന്ത്രിയുടെ ഓഫീസും ഉന്നത പോലീസുദ്യോഗസ്ഥന്മാരെയും ചേര്‍ത്ത് ഉയര്‍ന്നു വരുന്നത.് സിപിഎമ്മിന്റെ പ്രഖ്യാപിതമായ നയത്തിനെതിരാണ് ആര്‍എസ്എസുമായുള്ള ബന്ധം.

സംസ്ഥാന രാഷ്ട്രീയം കലുഷിതമായിട്ടും സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടാതിരിക്കുകയും വിഷയം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്ന ഒഴുക്കന്‍ മറുപടിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസ് ബിജെപിയുമായുള്ള ബന്ധത്തില്‍ ഇപിക്കൊരു നിയമം, മുഖ്യമന്ത്രിക്കും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ക്കും മറ്റൊരു നിയമമാണോയെന്ന് രാഷ്ട്രീയ വൃത്തങ്ങളും സിപിഎം അണികളും ചോദിക്കുന്നുണ്ട്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ബ്രാഞ്ച് തലം മുതല്‍ നടക്കുന്ന സമ്മേളനങ്ങളില്‍ പാര്‍ട്ടിയേയും ഇടത് മുന്നണിയേയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നേതൃത്വത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

പി.ശശി മുന്‍പ് പാര്‍ട്ടി നടപടി നേരിട്ട വ്യക്തിയാണ്. ഇതേ വ്യക്തിയെത്തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച് വീണ്ടും വിവാദങ്ങളുണ്ടാക്കിയതിനും പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും മറുപടി പറയേണ്ടി വരും. രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം പിണറായി സര്‍ക്കാരിനേക്കാള്‍ പ്രതികൂലമായ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. സര്‍ക്കകാര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയാലാണ്. കടം വാങ്ങിയാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. ഇതിന് പ്രധാന കാരണമായി പറയുന്നത് മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നാണ്.മുഖ്യമന്ത്രിയും അദ്ദേഹവുമായി ബന്ധപ്പെട്ട ആളുകളും രഹസ്യ ഇടപാട് നടത്തുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പ്രധാന ചേദ്യം.

 

 

മുഖ്യമന്ത്രി,എഡിജിപി എം.ആര്‍.അജിത്കുമാര്‍, പി.ശശി വിവാദം
ആളിക്കത്തുന്നു

 

Share

Leave a Reply

Your email address will not be published. Required fields are marked *