കോഴിക്കോട്: മലയാള ചെറുകഥാ സാഹിത്യത്തിലെ പുതിയ പ്രവണതകളെ കുറിച്ചും പുതിയ എഴുത്തുകാരെ കുറിച്ചും ഭാഷാ സമന്വയ വേദി ചര്‍ച്ച സംഘടിപ്പിച്ചു. കലയെയും സാഹിത്യത്തെയും സാങ്കേതിക വിദ്യ വലിയ തോതില്‍ സ്വാധീനിക്കുമ്പോഴും പുതിയ എഴുത്തുകാരും പുതിയ കൃതികളും പ്രതീക്ഷ നല്‍കുന്നുവെന്ന് ചെറുകഥാ സാഹിത്യം പുതിയ കാലത്ത് എന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഭാഷാ സമന്വയ വേദി അംഗങ്ങളായ വാരിജാക്ഷന്‍ ഇക്കഴിയൂര്‍ രചിച്ച ശ്ലഥബിംബങ്ങള്‍, ഡോ.എം.കെ അജിതകുമാരി പരിഭാഷപ്പെടുത്തി എഡിറ്റു ചെയ്ത 23 ഭാഷകള്‍ കഥകള്‍ എന്നീ കൃതികള്‍ ഡോ.ആര്‍സു, ഡോ. പി.കെ.രാധാമണി എന്നിവര്‍ പ്രകാശനം ചെയ്തു. ഡോ. ഗോപി പുതുക്കോട്, ഡോ.ഒ.വാസവന്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.ഡോ.സി.സേതുമാധവന്‍, ഡോ.എം.കെ.പ്രീത എന്നിവര്‍ പുസ്തക പരിചയം നടത്തി. കഥാകൃത്ത് കെ.ജി.രഘുനാഥ് കഥാ സാഹിത്യം പുതിയ കാലത്ത് ചര്‍ച്ചയില്‍ വിഷയമവതരിപ്പിച്ചു. കെ. വരദേശ്വരി, സഫിയ നരിമുക്കില്‍, കെ.എം വേണുഗോപാല്‍,ടി.കെ.സുധാകരന്‍, എം.ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു.വാരിജാക്ഷന്‍ ഇക്കഴിയൂര്‍, ഡോ.എം.കെ അജിതകുമാരി എന്നിവര്‍ രചനാനുഭവങ്ങള്‍ പങ്കുവെച്ചു.