ചെന്നൈ: സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിവാദപരമായ കാഴ്ചപ്പാടുകളോടെയുള്ള ആത്മീയ നേതാവിന്റെ പ്രഭാഷണം പ്രചരിച്ചതോടെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി സ്ഥാനം രാജിവെച്ചു. മന്ത്രിക്കെതിരെ രാജിവെക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിഷേധവും രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.ആത്മീയ നേതാവിനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.വിവാദങ്ങളില്‍ അന്വേഷണം നടത്തി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. കണപ്പന്‍ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാരിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സിലബസ് വിവാദത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ തള്ളി യുവജനക്ഷേമ, കായികമന്ത്രി ഉദയനിധി സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. സിലബസ് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വതന്ത്രചിന്തയും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുക എന്നതാണെന്ന് പറഞ്ഞ ഉദയനിധി, ആ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും മികച്ച സിലബസ് തമിഴ്‌നാടിന്റെയാണെന്നും അഭിപ്രായപ്പെട്ടു.
എന്നാല്‍ തമിഴ്‌നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വായനയുടെ പ്രാവീണ്യം വളരെ കുറവാണെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്‍.സി.ഇ.ആര്‍.ടിയുടെ ഫൗണ്ടേഷനല്‍ ലേണിങ് സ്റ്റഡിയുടെ 2022ലെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം ക്ലാസിലെ 20 ശതമാനം കുട്ടികള്‍ക്ക് മാത്രമേ തമിഴ് വായിക്കാന്‍ അറിയുള്ളു എന്ന് കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ആത്മീയ നേതാവിന്റെ പ്രഭാഷണ പ്രചാരണം;
തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു