ഹൃദയം കവര്‍ന്ന ഗുരുക്കന്മാര്‍

ഹൃദയം കവര്‍ന്ന ഗുരുക്കന്മാര്‍

ജീവിത വഴിത്താരയില്‍ വെളിച്ചം നല്‍കിയ പ്രിയപ്പെട്ട
ഗുരു ജനങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍

പുരുഷു.ടി

ഏട്ടനോടുള്ള വിരോധം കാരണം എന്നേയും അനിയത്തിയേയും സ്‌കൂളിലയക്കണ്ട എന്ന് അച്ഛന്‍ തീരുമാനിച്ചു. പഠിക്കാന്‍ പറഞ്ഞയച്ച ഏട്ടന്‍ സ്‌കൂളില്‍ പോകാതെ കൂട്ടുകാരുമായി കറങ്ങി നടന്നതാണ് കാരണം. മധ്യവേനലവധി കഴിഞ്ഞ് കൂട്ടുകാരൊക്കെ സ്‌കൂളില്‍ പോയപ്പോള്‍ ഞാനൊറ്റപ്പെട്ടു. ചെറിയ മരക്കൊമ്പുകളും, കൂകി വിളിച്ചു പോകുന്ന തീവണ്ടിയുമായിരുന്നു കൂട്ടിന്. കറുത്ത റബ്ബര്‍ കുടുക്കിയ പുസ്തകം ചുമലില്‍ വെച്ച് കൂട്ടുകാര്‍ സ്‌കൂളില്‍ പോകുമ്പോള്‍ കൊതിയോടെ നോക്കി നിന്നിട്ടുണ്ട് അവരുടെ കൂടെ പോകാന്‍. നിന്നെയന്താ സ്‌കൂളില്‍ ചേര്‍ക്കാത്തെ എന്ന് ചോദിച്ച രാജനോട് അറിയില്ല എന്നായിരുന്നു എന്റെ  ഉത്തരം. സ്‌കൂള്‍ വിട്ടു വന്നാല്‍ സ്‌കൂളിലെ വിശേഷങ്ങളറിയാന്‍ ഞാന്‍ രാജന്റെ  അടുത്തെത്തും. സരോജിനിയും ശശിയും മോഹനനും കൂട്ടിനുണ്ടാകും. അവര്‍ക്ക് കിട്ടിയ ഉപ്പുമാവിന്റെ  അളവും അതിലുണ്ടായിരുന്ന ചുവന്ന മുളകും ഉപ്പുമാവിന്റെ രുചിയും വര്‍ണ്ണിക്കുമ്പോള്‍ അതൊന്നനുഭവിക്കുവാന്‍ വല്ലാതെ കൊതി തോന്നാറുണ്ട്. ഒരു ദിവസം രാജനോട് ചോദിച്ചു ഞാനും വരട്ടെ സ്‌കൂളിലേക്ക്. രാജന്‍ സമ്മതിച്ചു. പക്ഷെ അവനൊരു സംശയം നിന്നെ വീട്ടില്‍ നിന്ന് വിടുമോ? വീട്ടില്‍ പറയണ്ട എന്ന് ഞാനങ്ങ് തീരുമാനിച്ചു. പിറ്റേന്നു രാവിലെ കിണറ്റിന്‍ കരയില്‍ നിന്നും രാജന്‍ കുളിക്കുമ്പോള്‍ തോര്‍ത്തുമെടുത്ത് ഞാനും ചെന്നു. കുളിച്ചു കഴിഞ്ഞ് വീട്ടില്‍ വന്ന് കുടുക്കില്ലാത്ത ഒരു ട്രൗസറും ഒരു ഷര്‍ട്ടുമെടുത്തിട്ട് അടുക്കളയില്‍ കയറി അമ്മ ഉണ്ടാക്കിവെച്ച പൂളയെടുത്ത് രണ്ട് കഷ്ണം വായിലിട്ട് ഒരു ഗ്ലാസ് വെള്ളവും കുടിച്ച് പിന്‍ വാതിലില്‍ കൂടി പുറത്ത് കടന്നു. അമ്മയും ചേച്ചിയും അനിയത്തിയും പുറത്തെവിടെയോ ആണ്. ഞാന്‍ വര്‍ക്ക്‌ഷോപ്പിന്റെ  അടുത്ത് പോയി നിന്നു. ഇതുവഴി അവര്‍ സ്‌കൂളില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ രാജനും രാജന്റെ ജ്യേഷ്ടന്‍ ഹരിദാസനും, പിന്നെ സരോജിനി, ശശി, മോഹനന്‍ എന്നിവര്‍ വന്നു. അവരുടെ കൂടെ ഞാനും നടന്നു. ഹരിദാസനായിരുന്നു മുന്‍പില്‍. അയാള്‍ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. മോഹനന്‍ രണ്ടാം ക്ലാസിലേക്കും സരോജിനിയുടെയും രാജന്റെയും കൂടെ ഞാന്‍ ഒന്നാം ക്ലാസിലേക്കും നടന്നു. ചെറിയൊരു വിറയല്‍ എന്നെ ബാധിച്ചിരുന്നു.
ഞാന്‍ രാജനോട് ചേദിച്ചു സ്‌കൂളില്‍ ചേര്‍ക്കാതെ വന്നാല്‍ മാഷുമാര് കേറ്റുമോ? രാജനും അറിയില്ല. എന്നെ കണ്ട കുട്ടികളൊക്കെ ഒരു അത്ഭുത വസ്തുവിനെ കാണുംപോലെയാണ് എന്നെ നോക്കിയത്. കാരണം എന്റെ മുടി പെണ്‍കുട്ടികളുടെ മുടി പോലെ നീണ്ടതായിരുന്നു. ചിലയിടങ്ങളില്‍ ജഡ പിടിച്ചിട്ടുണ്ട്. പഴനിയില്‍ കൊണ്ട്‌പോയി മുടി മുറിക്കാമെന്ന് നേര്‍ന്ന അച്ഛന്, നേര്‍ച്ച കൊടുക്കാന്‍ കഴിയാത്തത് കൊണ്ട് വര്‍ഷങ്ങളായി എന്റെ മുടി മുറിച്ചിട്ട്.
ബെല്ലടി കേട്ടപ്പോള്‍ പല ഭാഗത്തായി കളിച്ചുക്കൊണ്ടിരുന്ന കുട്ടികള്‍ ക്ലാസിലേക്കോടിയെത്തി. എന്റെ നെഞ്ച് പട പടാന്ന് മിടിക്കാന്‍ തുടങ്ങി. ഇനി എന്ത് എന്ന് ആലോചിച്ചിരിക്കുമ്പോള്‍ ടീച്ചര്‍ ക്ലാസ്സില്‍ വന്നു. കുട്ടികള്‍ എല്ലാവരും എഴുന്നേറ്റ് നമസ്‌കാരം ടീച്ചര്‍ എന്നു പറഞ്ഞു. എനിക്കറിയാത്ത സംഭവമായതുകൊണ്ട് ഞാന്‍ എഴുന്നേറ്റില്ല. അതുകൊണ്ടു തന്നെ ടീച്ചര്‍ എളുപ്പം എന്നെ കണ്ടു. ആരാ പുതുയൊരാള് ടീച്ചറുടെ ചോദ്യം കേട്ടിട്ടും ടീച്ചറെ കണ്ടാല്‍ എഴുന്നേല്‍ക്കണം എന്നറിയാത്തതുകൊണ്ടും ഞാന്‍ അവിടെത്തന്നെയിരുന്നു. രാജന്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ച് എന്റെ രക്ഷകനായി. ഇവന്‍ എന്റെ വീടിനടുത്താ ടീച്ചറെ, എന്റെയും വീടിനടുത്താ സരോജിനിയും ഏറ്റു പിടിച്ചു. ഇവിടെ ചേര്‍ന്നിട്ടുണ്ടോ? ടീച്ചറുടെ ചോദ്യം എന്റെ നേര്‍ക്കായിരുന്നു. അതിനും ഉത്തരം രാജന്റെ വകയായിരുന്നു. എന്താ പേര്? ഞാന്‍ പേര് പറഞ്ഞു. ടീച്ചര്‍ എല്ലാവരോടും ഇരിക്കാന്‍ ആംഗ്യം കാണിച്ചു. ക്ലാസു തുടങ്ങി. ഒന്നും മനസ്സിലാവാതെ ഞാന്‍ മിഴിച്ചിരുന്നു. എപ്പളാ ഉപ്പുമാവ് കിട്ടുക ബെല്ലടിച്ച് ടീച്ചര്‍ ക്ലാസില്‍ നിന്നും പോയപ്പോള്‍ ഞാന്‍ രാജനോട് ചെവിയില്‍ ചോദിച്ചു. ഉപ്പുമാവ് ഉച്ചക്ക് കിട്ടും. അപ്പോഴേക്കും മാഷ് വന്നു. കയ്യിലൊരു വടിയുണ്ട്. വന്ന ഉടനെ വടി മേശപ്പുറത്തു വെച്ചു. ബോര്‍ഡില്‍ എന്തോ എഴുതി പിന്നെ കുട്ടികളുടെ നേരെ തിരിഞ്ഞ് ഇന്നലെ പഠിച്ചത് ഓരോ ആളും പറഞ്ഞെ, കുട്ടികള്‍ എല്ലാവരും കൂടി ഒന്നിച്ച് പലതും വിളിച്ചു പറയുന്നു, ആകെ ബഹളം. മതി മതി മാഷ് പറഞ്ഞു. പിന്നെ മാഷ് പറയുന്നത് എല്ലാവരും ഏറ്റു ചൊല്ലി. അടുത്ത ബെല്ലടിച്ചപ്പോള്‍ മാഷ് പോയി. കുട്ടികള്‍ പുറത്തേക്കോടി. രാജന്‍ പറഞ്ഞു വാ ഇന്റര്‍വെല്ലാ മൂത്രമൊഴിക്കാം. മൂത്രമൊഴിക്കുമ്പോള്‍ കുറച്ചകലെ പൈപ്പില്‍ നിന്നും കുട്ടികള്‍ വെള്ളം കുടിക്കുന്നത് കണ്ടു. രാജനോട് എനിക്കും വെള്ളം വേണമെന്നു പറഞ്ഞു. അവന്‍ എന്നെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു. ഉച്ചക്ക് ബെല്ലടിച്ചപ്പോള്‍  എന്റെ കൈയ്യും പിടിച്ച് രാജന്‍ പുറത്തേക്കോടി. വാ ഉപ്പുമാവ് തിന്നാം. സര്‍വ്വ ശക്തിയുമെടുത്ത് രാജനും ഓടി. അപ്പോഴേക്കും അവിടെ വലിയ വരി ആയിക്കഴിഞ്ഞിരുന്നു.
ഉപ്പുമാവിന്റെ മണം എന്റെ മൂക്കില്‍ അടിച്ചു കയറി. ഹാ..എന്തു സുഖമാണ്. ഇതുവരെയറിയാത്ത ഒരു മണം, രസമുള്ള മണം. ഒരു ഉപ്പിലയില്‍ കുറച്ച് ഉപ്പുമാവ് കിട്ടി, അതുംകൊണ്ട് രാജനും ഞാനും ഒരു മരത്തിന്റെ വേരില്‍ പോയിരുന്നു. അല്‍പമെടുത്ത് വായിലിട്ടു. ഹാ..ഹാ.. എന്തുരുചി. സ്‌കൂളിലെ ഉപ്പുമാവിന്റെ രുചി. അറിയാതെ കണ്ണടഞ്ഞു പോയി. എങ്ങിനെയുണ്ട് രാജന്‍ ചോദിച്ചു. ഒന്നും പറയാതെ ഞാന്‍ രണ്ടു കണ്ണും ഇറുക്കി കാണിച്ചു. ഉപ്പുമാവ് തിന്ന് കുട്ടികള്‍ കളിക്കാനായി ഗ്രൗണ്ടിലേക്ക് പോയി. രാജന്‍ എന്നേയും വിളിച്ച് ഗ്രൗണ്ടിലേക്ക് പോകാന്‍ നോക്കുമ്പോള്‍ ഒരു വലിയ കുട്ടി ചോദിച്ചു, എന്താടാ ഉപ്പുമാവ് വേണോ? ഞങ്ങള്‍ തലയാട്ടി. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വീണ്ടും ഉപ്പുമാവ് കിട്ടിയ സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി.
അല്‍പം പേടിയോടെയാണ് വൈകിട്ട് വീട്ടില്‍ വന്നത്. അച്ഛനുണ്ടെങ്കില്‍ ഉറപ്പായും അടികിട്ടും. ഭാഗ്യം അച്ഛനില്ല. രാവിലെ മുതല്‍ കാണാത്തതുകൊണ്ട് അമ്മയില്‍ നിന്നും ശരിക്കും ചീത്ത കേട്ടു. കുട്ടികളുടെ കൂടെ പോകുന്നത് കണ്ടു എന്ന് ആരോ പറഞ്ഞതുകൊണ്ട് കൂടുതല്‍ തിരയാന്‍ നിന്നില്ല. സ്‌കൂളില്‍ പോയതിനല്ല പറയാതെ പോയതിനാണ് പിന്നെ കേട്ടത്. അച്ഛന്‍ വന്നാല്‍ ബാക്കിയുണ്ടാകും. അമ്മ വിളമ്പിതന്ന ചോറ് വേഗം കഴിച്ച് അച്ഛന്‍ വരുന്നതിന് മുമ്പ് വീടിന് പുറത്ത് കടന്നു. മൈതാനത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂരെ നിന്നും അച്ഛന്‍ വരുന്നത് കണ്ടു. അച്ഛനെ കണ്ട് അച്ഛനെ തന്നെ നോക്കിക്കൊണ്ട് അവിടെതന്നെ നിന്നു. അടി ഉറപ്പാണ്. നീ ഇതുവരെ എവിടെയായിരുന്നു ചോദ്യം കേട്ട് പേടിയോടെ ട്രൗസറിന്റെ തുമ്പ് ചുരുട്ടിക്കൊണ്ട് മിണ്ടാതെ നിന്നു. ചോദിച്ചതു കേട്ടില്ലെ, അച്ഛന്റെ ശബ്ദമുയര്‍ന്നു. ഓന്‍ ഞാളെകൂടെ സ്‌കൂളില്‍ വന്നതാ, രാജന്റെ ശബ്ദമാണ്. അച്ഛന്‍ എന്നെയും രാജനെയും രൂക്ഷമായി നോക്കി വീട്ടിലേക്ക് നടന്നു. ശ്വാസം വീണപ്പോള്‍ നന്ദിയോടെ രാജനെ നോക്കി ചിരിച്ചു. ഞാനാ നിന്നെ രക്ഷിച്ചേ എന്ന ഭാവമായിരുന്നു രാജന്. രാവിലെ രാജന്റെ കൂടെ കുളിച്ച് വീട്ടില്‍ വന്ന് ഡ്രസ്സ് മാറുമ്പോള്‍ അമ്മ ചോദിച്ചു, നിന്നെ സ്‌കൂളില്‍ ചേര്‍ക്കാതെ നീയെങ്ങനെ പഠിക്കും. എനിക്ക് സ്‌കൂളില്‍ ചേരണം. ഞാന്‍ അമ്മയോട് കെഞ്ചി. ഇങ്ങള് അച്ഛനോട് പറഞ്ഞ് ഓന സ്‌കൂളില്‍ ചേര്‍ക്ക് ഇവിടെ കൊറച്ച് സൈ്വര്യം കിട്ടും ചേച്ചി പറഞ്ഞു. നല്ലൊരു ട്രൗസറും കുപ്പായവുമില്ലാതെ എങ്ങിനെയാ സ്‌കൂളില്‍ പോവുക. ശരിയാണ്. ആകെ രണ്ട് ട്രൗസറും രണ്ട് കുപ്പായവുമാണ്. അത് തന്നെ കീറിയതും പിഞ്ഞിയതും. ട്രൗസറിനാണെങ്കില്‍ കുടുക്കില്ല. കുത്തഴിഞ്ഞു പോയാല്‍ ഊര്‍ന്നു പോകും. പക്ഷെ അതൊന്നും കാര്യമാക്കാതെ അമ്മ തന്ന ദോശയും ചായയും കുടിച്ച് ഞാന്‍ പുറത്തു ചാടി. ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവ്, അത് മാത്രമായിരുന്നു മനസ്സില്‍. തുടര്‍ച്ചയായി നാല് ദിവസം വരവും പോക്കുമായപ്പോള്‍ ടീച്ചര്‍ ചോദിച്ചു, നിന്നെ ചേര്‍ക്കാനെന്താ ആരും വരാത്തെ? അതിനുത്തരവും രാജന്റെ വകയായിരുന്നു. ഓന ഓന്റച്ഛന്‍ ചേര്‍ക്കൂല ടീച്ചറെ. ടീച്ചര്‍ പിന്നെയൊന്നും മിണ്ടിയില്ല. അടുത്ത പീരീഡിനു വന്ന നാരായണന്‍ മാഷിന് സംശയം നീ എന്താടാ മുടി നീട്ടി നടക്കുന്നത്, നീ പെണ്ണാണോ? ഒരു സങ്കോചവുമില്ലാതെ ഞാന്‍ പറഞ്ഞു ഞാന്‍ ആണാണ്. അത് കുറച്ച് ഉറക്കെ ആയിപ്പോയി. ക്ലാസ് വേര്‍തിരിക്കാന്‍ വെച്ച മറ കടന്ന് അടുത്ത ക്ലാസിലും അതെത്തി. പിന്നെ ഒരു കൂട്ടച്ചിരിയാണ്. കേട്ടത്. അടുത്ത ക്ലാസിലെ ടീച്ചറുടെ ചിരി മറയുടെ വിടവില്‍ കൂടി ഞാന്‍ കണ്ടു. ഉച്ചക്ക് ശേഷം ഒരു മാഷ് ക്ലാസില്‍ വന്നു. ക്ലാസിലുളള ടീച്ചറിനോട് ചോദിച്ചു ആരാ പുതിയ കുട്ടി. ടീച്ചര്‍ എന്നെ ചൂണ്ടികാണിച്ചു. മാഷ് എന്നെ അടുത്തേക്ക് വിളിപ്പിച്ചു. നിന്റെ പേരെന്താ, ഞാന്‍ പേര് പറഞ്ഞു. വീടെവിടെ, കൊളത്തിന്റാട. അപ്പോള്‍ രാജനും പറഞ്ഞു, സരോജിനിയും പറഞ്ഞു, എന്റെ വീടിനടുത്താ. മാഷ് ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ ചോദിച്ചു നിന്റെ അച്ഛന്റെ പേരെന്താ? രാമന്‍ ഞാന്‍ പറഞ്ഞു, മാഷ് ചിരിച്ചു. ഇപ്പോള്‍ മനസ്സിലായി. പോയിരുന്നോ. മാഷ് ടീച്ചറോടെന്തോ പറഞ്ഞ് പുറത്തേക്ക് പോയി. പക്ഷെ വൈകിട്ട് മാഷ് വീട്ടില്‍ വന്നപ്പോഴാണ് മാഷ്‌ക്ക്് അച്ഛനെ പരിചയമുണ്ടെന്ന് മനസ്സിലായത്. പോകുമ്പോള്‍ മാഷ് പറഞ്ഞു ക്ലാസ്സില്‍ നല്ലകുട്ടിയായിരിക്കണം, നന്നായി പഠിക്കണം കേട്ടോ.
അച്ഛന്റെ കൂടെയാണ് പിറ്റേന്ന് സ്‌കൂളിലേക്ക് പോയത്. മറ്റ് കുട്ടികളുടെ പേര് വിളിച്ചപ്പോള്‍ അന്ന് ടീച്ചര്‍ എന്റേയും പേര് വിളിച്ചു. അതുകേട്ട് രണ്ട് കൈയ്യും കവിളില്‍ വെച്ച് ഞാന്‍ ഹാജര്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ക്ലാസില്‍ വന്നു. ഒരു സ്ലേറ്റും പെന്‍സിലും ഒരു ബുക്കും തന്നു. എനിക്ക് നിധികിട്ടിയ സന്തോഷമായിരുന്നു. അന്ന് വേകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ അച്ഛനെന്നെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി മുടി മുറിച്ചു. പിറ്റേന്ന് സ്‌കൂളില്‍ ചെന്നപ്പോള്‍ വീണ്ടുമൊരു അത്ഭുത വസ്തുവായി. മൈഥിലി ടൂച്ചര്‍ കണ്ടപ്പഴേ പറഞ്ഞു എടാ സുന്ദരനായിട്ടുണ്ടല്ലോ. പല കുട്ടികള്‍ക്കും അറിയേണ്ടത് എന്തിനാ മുടി മുറിച്ചത് എന്നായിരുന്നു. നാരായണന്‍ മാഷ് പറഞ്ഞു ഇപ്പഴാടാ നീയൊരാണ്‍കുട്ടിയായത്. ക്ലാസിലെ വലിയ കുട്ടി ഞാനായിരുന്നു. എനിക്കായിരുന്നു പൊക്ക കൂടുതല്‍. അടുത്ത ദിവസമാണ് എനിക്ക് മനസ്സിലായത് സ്‌കൂളില്‍ രണ്ട് അമ്മാളു ടീച്ചര്‍മാരുണ്ടെന്ന്. മലയാളം ടീച്ചറും കണക്ക് ടീച്ചറും അമ്മാളുമാരാണ്. ഹരിദാസന്‍ ചേട്ടനാണ് പറഞ്ഞു തന്നത് രണ്ട് പേര്‍ക്കും കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്ന്. മലയാളം അമ്മാളു ടീച്ചറുടെ അടുത്ത് പരാതി പറയാന്‍ പോകുന്ന ചെറിയ കുട്ടികളോട് കൊഞ്ചിക്കൊണ്ട് സംസാരിച്ച് അവരെ പിരിച്ചു വിടുമായിരുന്നു. വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നുപോയി. ഞാനിപ്പോള്‍ നാലാം ക്ലാസിലാണ്. ക്ലാസില്‍ നന്നായി പഠിക്കുന്ന കുട്ടികളില്‍ ഞാനുമൊരാളാണ്. സ്‌കൂളിലെ സ്‌പോര്‍ട്ടിസിലും മറ്റും പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. ഞാന്‍ വളര്‍ന്നെങ്കിലും വീട് വളര്‍ന്നില്ല. പല ദിവസങ്ങളിലും രാവിലെ ഒന്നും കഴിക്കാതെയാണ് സ്‌കൂളില്‍ പോവുക. ഉച്ചക്കത്തെ ഉപ്പുമാവ് മാത്രമാണ് ശരണം. ഒരു ദിവസം രാവിലെ അസംബ്ലിയില്‍ തല കറങ്ങി വീണ എന്നെ നാരായണന്‍ മാഷും ബാലന്‍ മാഷും ഏടുത്ത് സ്റ്റാഫ് റൂമില്‍ കിടത്തി ഏതോ ഒരു കുട്ടിയെ പറഞ്ഞയച്ച് ചായയും കായപ്പവും വാങ്ങിത്തന്നു. സറ്റാഫ് റൂമില്‍ ടീച്ചര്‍മാരും മാഷുമാരുമൊക്കെയുണ്ടായിരുന്നു. ഞാന്‍ രാവിലെ ഒന്നും കഴിക്കാതെയാണ് വരുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ചായ കുടിച്ച് കുറച്ചുകൂടി അവിടെ ഇരുന്നിട്ട് ഞാന്‍ ക്ലാസ്സിലേക്ക് പോയി. ഉച്ചക്ക് ഉപ്പുമാവും കഴിച്ച് ക്ലാസ്സിലേക്ക് വരുമ്പോള്‍ മൈഥിലി ടീച്ചര്‍ എന്നെ വിളിച്ചു. ഞാനടുത്ത് ചെന്നപ്പോള്‍ ഒരു പാത്രം എനിക്കു നേരെ നീട്ടി.ഇതില്‍ ചോറാണ് തിന്നിട്ട് പാത്രം സ്റ്റാഫ് റൂമില്‍ വെക്കണം. ഞാന്‍ പാത്രവുമായി സ്‌കൂളിന്റെ പിന്നിലേക്ക് പോയി. പാത്രം തുറന്നപ്പോള്‍ അതുവരെ അറിയാത്ത ഒരു കറിയുടെ മണം എന്റെ മൂക്കിലേക്ക് കയറി. ചോറ് തിന്ന് പാത്രം കഴുകി ഞാന്‍ സ്റ്റാഫ് റൂമില്‍ കൊണ്ട് വെച്ചു. അന്നു വൈകുന്നേരം കണക്ക് ടീച്ചര്‍ എന്നെ വിളിച്ച് പറഞ്ഞു നീ ക്ലാസ് വിട്ടാല്‍ എന്നെ കണ്ടിട്ടേ പോകാവൂ എന്ന്. ക്ലാസു കഴിഞ്ഞപ്പോള്‍ അമ്മാളു ടീച്ചര്‍ എന്നെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. എന്നെ അകത്തിരുത്തി ചായയും മധുരക്കിഴങ്ങും തന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ടീച്ചറും മറ്റൊരു സ്ത്രീയും വന്ന് എന്റെ കൈയ്യില്‍ ഒരു പൊതി തന്നു. എന്നിട്ട് ടീച്ചര്‍ പറഞ്ഞു ഇത് എന്റെ ആങ്ങളയുടെ ഭാര്യയാണ്. ഇവരുടെ മകന്റെ പഴയ ട്രൗസറും ഷര്‍ട്ടുമാണ്. നാളെ ഇതിട്ടു വേണം ക്ലാസില്‍ വരാന്‍ കേട്ടോ. ഞാന്‍ പൊതിയുമായി വീട്ടിലേക്കോടി. പൊതി തുറന്നപ്പോള്‍ രണ്ട് ട്രൗസറും രണ്ട് ഷര്‍ട്ടും. നല്ല രസമുള്ള പുള്ളി ഷര്‍ട്ട്. നാളെ ഇതില്‍ ഏതിടും എന്ന സംശയമായിരുന്നു.
ഓരോ വര്‍ഷവും കഴിയുമ്പോഴും എനിക്ക് മനസ്സിലായി സ്‌കൂളിലെ എല്ലാ അധ്യപകര്‍ക്കും എന്നെ ഇഷ്ടമാണെന്ന്. സ്‌കൂളിന്റെ എല്ലാ കാര്യത്തിലും കൂടെ ഞാനുമുണ്ടാകും. ഇപ്പോള്‍ വിശപ്പ് അറിയാറില്ല. ഉച്ചഭക്ഷണം ഏതെങ്കിലും അധ്യാപകന്റെ വകയായിരിക്കും. എനിക്ക് മാത്രമല്ല സ്‌കൂളില്‍ പാവപ്പെട്ട വേറെയും കുട്ടികളുണ്ട്. എല്ലാവരേയും ഒരുപോലെയാണ് അന്നത്തെ അധ്യപകര്‍ കണ്ടത്. ബുക്ക് വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് മാഷുമാരും ടീച്ചര്‍മാരും ബുക്കുകള്‍ വാങ്ങിക്കൊടുക്കും. അതേ സ്‌നേഹം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോടും ഉണ്ടായിരുന്നു. ഒരു ഭയഭക്തി ബഹുമാനം എന്നു പറയാം. സ്‌പോര്‍ട്‌സിലൊക്കെ ജയിച്ചു വന്നാല്‍ ദാമോദരന്‍ മാഷിന്റെ വക അദ്ദേഹമാണ് എച്ച്.എം, ചായയും പലഹാരവും ഞങ്ങള്‍ക്ക് വാങ്ങിത്തരുമായിരുന്നു. ദാമോദരന്‍ മാഷ് കാരണമാണ് ഞാന്‍ സ്‌കൂളില്‍ ചേര്‍ന്നത്. ബാലന്‍ മാഷിന്റെ നുള്ള് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മധുരമുള്ള വേദനയാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ വടകര നിന്നും കോഴിക്കോട്ടേക്ക് വിനോദ യാത്ര പോകാന്‍ തീരുമാനിച്ചു. പതിനഞ്ച് രൂപയാണ് ഒരാള്‍ക്ക് കൊടുക്കേണ്ടത്. ഞാന്‍ അച്ഛനോടും അമ്മയോടും ജ്യേഷ്ഠനോടും എല്ലാ ംചോദിച്ചു. ആരില്‍ നിന്നും കിട്ടിയില്ല. രാജനും സരോജിനിയുമെല്ലാം കാശു കൊടുത്തു. വിനോദ യാത്ര പോകാനുള്ള ദിവസം അടുത്തു വരുന്നു. വിനോദ യാത്ര പോകാന്‍ മനസ്സ് വല്ലാതെ ആഗ്രഹിച്ചു. കുടുംബക്കാരോടും പരിചയക്കാരോടുമെല്ലാം പതിനഞ്ചു രൂപ ചോദിച്ചു. നിരാശയായിരുന്നു ഫലം. എനിക്ക് കരച്ചില്‍ വന്നു. നാരായണന്‍ മാഷ്‌ക്കാണ് വിനോദ യാത്രയുടെ ചാര്‍ജ്ജ്. മാഷ് എന്നെ കാണുമ്പോഴൊക്കെ ചോദിക്കും, എന്താടാ നീ വരുന്നില്ലേ, വേഗം പൈസ തന്നോ ഇല്ലെങ്കില്‍ സീറ്റുണ്ടാവില്ല. എനിക്ക് സങ്കടത്തിന്റെ ദിനങ്ങളായിരുന്നു പിന്നീട്. അങ്ങിനെ വിനോദ പോകുന്ന ദിവസം വന്നു. രാജനും സരോജിനിയും പോകുന്നത് കണ്ടപ്പോള്‍ ഞാനും അവരുടെ കൂടെ പോയി. സ്‌കൂളില്‍ ചെല്ലുമ്പോള്‍ കണ്ടു വിനോദ യാത്ര പോകാനുള്ള ബസ്സ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. കുട്ടികളും രക്ഷിതാക്കളും ഗ്രൗണ്ടിലേക്ക് വന്നു തുടങ്ങി. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. ആരും കാണാതിരിക്കാന്‍ ഞാന്‍ നന്നേ പാടുപെട്ടു. കുട്ടികള്‍ ബസ്സില്‍ കയറി. നാരായണന്‍ മാഷും ബാലന്‍ മാഷും, മൈഥിലി ടീച്ചറുമായിരുന്നു അധ്യാപകരായി കയറിയത്. ബസ്സില്‍ കയറുമ്പോള്‍ നാരായണന്‍ മാഷ് എന്നെ നോക്കി. എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. പാവപ്പെട്ടവനായി ജനിച്ചതില്‍ എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നി. ബസ്സ് സ്റ്റാര്‍ട്ടായി, രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് റ്റാറ്റ പറയുന്നത് കാണാം. ഞാന്‍ ദൂരെ സങ്കടമൊതുക്കി നോക്കി നിന്നു. ബസ്സ് ഹോണടിച്ചു വാതിലിനടുത്ത് നാരായണന്‍ മാഷ് പ്രത്യക്ഷപ്പെട്ടു എന്നെ നോക്കി കയറെടാ എന്നുറക്കെ പറഞ്ഞു. ഞാന്‍ സ്തംഭിച്ചു നിന്നു. എന്നോടാണോ, അത്ഭുതമായിരുന്നു. ഞാന്‍ പതുക്കെ അറിയാതെ ബസ്സിനടുത്തെത്തി മാഷ് പിന്നെയും വിളിച്ചു നിന്നോടു തന്നെ കയറെടാ ബസ്സില്. എന്നെ തന്നെ, പിന്നെ ഞാന്‍ ഓടുകയല്ലായിരുന്നു. ഒഴുകുകയായിരുന്നു. ബസ്സില്‍ കറിയപ്പോള്‍ നാരായണന്‍ മാഷ് എന്നെ ചേര്‍ത്തുപിടിച്ചു. എന്റെ കണ്ണീര് വീണ് മാഷിന്റെ ഷര്‍ട്ട് നനഞ്ഞു. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത അനുഭവം.
വിദ്യാര്‍ത്ഥികളെ സ്വന്തം മക്കളെ പോലെ സ്‌നേഹിക്കുകയും ലാളിക്കുകയും തെറ്റുകണ്ടാല്‍ ശകാരിക്കുകയും ചെയ്ത അധ്യാപകരും അധ്യാപകരെ ഭയഭക്തി ബഹുമാനപുരസ്സരം സ്‌നേഹിച്ച വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഊഷ്മളമായ ബന്ധം മായാതെ നിന്ന കാലഘട്ടമുണ്ടായിരുന്നു. പക്ഷെ ഇന്ന് പലയിടത്തും ഗുരു-ശിഷ്യ ബന്ധം പാടെ മാറി. ഇന്ന് ചിലയിടങ്ങളില്‍ കാണുന്ന അധ്യാപക-വിദ്യാര്‍ത്ഥി വഴിവിട്ട ബന്ധങ്ങളും, വിദ്യാര്‍ത്ഥിനിയെ പീഢിപ്പിക്കുന്ന അധ്യാപകനും അടിച്ചാല്‍ തിരിച്ചടിക്കുന്ന വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ഗുരു-ശിഷ്യ ബന്ധത്തിന്റെ പവിത്രത നശിപ്പിക്കുന്നു. ഇന്ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിടപറഞ്ഞു കഴിഞ്ഞു എങ്കിലും ഇവിടെ വരാന്‍ എനിക്കെത്താന്‍ വെളിച്ചം നല്‍കിയ എന്റെ പ്രിയപ്പെട്ട ഗുരു ജനങ്ങള്‍ക്ക് ഈ അധ്യാപക ദിനത്തില്‍ അവരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *