കോഴിക്കോട്: കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കാന്‍ 2012ലാണ് നിയമസഭയില്‍ ബില്‍ പാസാക്കുകയും, 2018ലാണ് രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്തത്. അതിന് മുമ്പ് 13-5-2011ലാണ് ഭൂമി കൈമാറ്റം നടന്നിട്ടുള്ളതെന്നും, വ്യാപാരി ട്രേഡ് സെന്ററിന്റെ കൈവശമുള്ള സ്ഥലം കോംട്രസ്റ്റിന്റേതല്ലെന്നും ട്രേഡ് സെന്റര്‍ ചെയര്‍മാന്‍ വികെസി മമ്മത്‌കോയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഏറ്റെടുക്കല്‍ ബില്ലില്‍ പറഞ്ഞ സ്ഥലം 128-7-7 സര്‍വ്വേ നമ്പറില്‍പ്പെട്ടതാണ്. വ്യാപാരി ട്രേഡ് സെന്ററിന്റെ കൈവശമുള്ള സ്ഥലം 128-7-2ല്‍പ്പെട്ടതാണ്. കോമണ്‍വെല്‍ത്ത് കമ്പനിയിലെ ജീവനക്കാരുടെ പ്രോവിഡണ്ട് ഫണ്ട് തുക അടയ്ക്കാന്‍ വീഴ്ചയുണ്ടായപ്പോള്‍, എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് ആക്ട് പ്രകാരം അറ്റാച്ച് ചെയ്യാന്‍ നടപടികളുണ്ടായി. ഇതിനെതിരെ കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിശോധിച്ച ഹൈക്കോടതി കോമണ്‍വെല്‍ത്ത് ട്രസ്റ്റിന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്ന് 45 സെന്റ് സ്ഥലം വില്‍പ്പന നടത്തി പ്രോവിഡണ്ട് ഫണ്ട് കുടിശ്ശിക തീര്‍ക്കാനും, മറ്റ് സാധ്യതകള്‍ അടക്കാനും അനുമതി നല്‍കി. ഇതേ തുടര്‍ന്ന് താല്‍പ്പര്യ പത്രം ക്ഷണിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയത് കോഴിക്കോട് കോ-ഓപ്പറേറ്റീവ് ട്രാവല്‍ ആന്റ് ടൂറിസം സൊസൈറ്റി ആന്റ് സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ലിമിറ്റഡായിരുന്നു. ഈ സ്ഥാപനത്തിന് 4 കോടി 61 ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയ്ക്ക് ഹൈക്കോടതി ഉത്തരവിന്റെ (19-6-2008) അടിസ്ഥാനത്തില്‍ 13-5-2011ലാണ് വില്‍പ്പന നടന്നത്. എന്നാല്‍ വസ്തു വാങ്ങിയ കോഴിക്കോട് ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ട്രാവല്‍ ടൂറിസം സൊസൈറ്റി വസ്തു വാങ്ങാന്‍ വേണ്ടി കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടയ്ക്കാനാവാതെ ഹൈക്കോടതി ഉത്തരവിന്റെ അടിസഥാനത്തില്‍ 26 സെന്റ് സ്ഥലം 2014ലാണ് വ്യാപാരി ട്രേഡ് സെന്റര്‍ വാങ്ങിയത്. ആറ് കോടി രൂപയോളം ഇതിനായി ചിലവഴിച്ചിട്ടുണ്ട്. സൊസൈറ്റിയുടെയും, വ്യാപാരി ട്രേഡ് സെന്ററിന്റെയും സംയുക്ത സ്ഥലത്ത് ബഹുനിലകെട്ടിടം പണിയാനും, കെട്ടിടം നിര്‍മ്മിച്ചു കഴിയുമ്പോള്‍ 6000 സ്‌ക്വയര്‍ഫീറ്റ് സൊസൈറ്റിക്ക് നല്‍കാമെന്നും ധാരണയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ പെര്‍മിറ്റ്, പൊല്ലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പെര്‍മിറ്റ്, റെയില്‍വേയുടെ പ്രത്യേക അനുമതി എന്നിവയ്ക്കായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ തടസ്സങ്ങളുണ്ടാവുകയും ഹൈക്കോടതിയെ സമീപിക്കുകയും, തുടര്‍ന്ന് കോര്‍പ്പറേഷനില്‍ നിന്ന് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റും ലഭിച്ചിട്ടുണ്ട്. 2014ല്‍ വാങ്ങിയ ഈ സ്ഥലത്ത് കാട് മൂടുകയും, സാമൂഹിക വിരുദ്ധരുടെ താവളമാവുകയും ചെയ്തപ്പോഴാണ് വാഹന പാര്‍ക്കിംഗിന് കോര്‍പ്പറേഷന്റെ അനുമതി ലഭിച്ചത്.
വ്യാപാരി ട്രേഡ് സെന്ററിന്റെ കൈവശത്തിലുള്ള ഭൂമികൂടി ഏറ്റെടുത്ത് വ്യവസായ മ്യൂസിയത്തിന്റെയും ഉല്‍പ്പാദന കേന്ദ്രത്തിന്റെയും ഭാഗമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണ്. കോംട്രസ്റ്റുമായി നടന്ന ഇടപാടില്‍ കൈയ്യേറ്റമോ നിയമ വിരുദ്ധമായ നടപടികളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എം.ഡി എ.ടി അബ്ദുള്ളക്കോയ, വി.മുഹമ്മദ്, കെ.ഉദയകുമാര്‍, സി.വി.ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.