കൊച്ചി: എഡിജിപി എം.ആര്‍.അജിത് കുമാറിനും മറ്റുള്ളവര്‍ക്കുമെതിരെ പി.വി.അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തല്‍ കേന്ദ്ര ഏജന്‍സി അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പൊലീസ് വകുപ്പിലെ ക്രമക്കേടുകളും ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങളാണു അന്‍വര്‍ വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. തൃശൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജിക്കാരന്‍.
തനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മലപ്പുറം എസ്പി സുജിത് ദാസ് പി.വി.അന്‍വര്‍ എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലുകള്‍, സ്വര്‍ണ്ണക്കടത്തില്‍ അജിത് കുമാറിനും സുജിത് ദാസിനുമുള്ള പങ്കിനെക്കുറിച്ച് അന്‍വറിന്റെ ആരോപണം, തിരുവനന്തപുരം കവടിയാറില്‍ അജിത് കുമാറിന്റെ വീടു നിര്‍മാണം, മന്ത്രിമാരുടേയും മറ്റു രാഷ്ട്രീയക്കാരുടെയും ഫോണ്‍ കോളുകള്‍ അജിത് കുമാര്‍ അനധികൃതമായി ചോര്‍ത്തുന്നുവെന്ന അന്‍വറിന്റെ ആരോപണം, 2023ല്‍ റിദാന്‍ ബേസിലിന്റെ കൊലപാതകത്തില്‍ അജിത് കുമാറിന് ബന്ധമുള്ളവരുണ്ടെന്ന അന്‍വറിന്റെ ആരോപണം, കോഴിക്കോട്ടെ പ്രമുഖ വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനം, പി.ശശിയുടെ വലം കയ്യാണ് അജിത് കുമാര്‍ എന്ന സുജിത് ദാസിന്റെ വെളിപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
മുഖ്യമന്ത്രി അന്വേഷണത്തിന് നിയോഗിച്ച അഞ്ചംഗ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനംഏറെ ദിവസങ്ഹള്‍ കഴിഞ്ഞിട്ടും പുരോഗമിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു.പ്രശ്‌നം മൂടിവയ്ക്കാനാണ് പൊലീസ് വകുപ്പ് ശ്രമിക്കുന്നത്. കുറ്റക്കാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനോ നടപടികള്‍ സ്വീകരിക്കാനോ ശ്രമമുണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന ഏജന്‍സിയോ അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയോ ഇക്കാര്യങ്ങള്‍ അന്വേഷിക്കണം. അതല്ലെങ്കില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
എഡിജിപിക്കും മറ്റും എതിരെയുള്ള അന്‍വറിന്റെ വെളിപ്പെടുത്തല്‍
കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട്
ഹൈക്കോടതിയില്‍ ഹര്‍ജി