തിരുവനന്തപുരം: മുകേഷിന് താല്‍ക്കാലികാശ്വാസം. രാജിവെക്കേണ്ടെന്ന് സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന്‍ മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ട,സി.പി.എം. സിനിമാ നയരൂപവത്കരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കും. സംസ്ഥാന നേതൃയോഗങ്ങള്‍ക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.മുകേഷ് കുറ്റാരോപിതന്‍ മാത്രമായിരിക്കുന്ന സാഹചര്യത്തില്‍ രാജി ആവശ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം.
ഭരണപക്ഷ എം.എല്‍.എയ്ക്കെതിരെ പോലും കേസെടുത്ത് മുമ്പോട്ടുപോകുന്ന സര്‍ക്കാരാണിത്. ഇക്കാര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയായതാണ് സര്‍ക്കാര്‍ സമീപനം.ആരെയെങ്കിലും സംരക്ഷിക്കുകയെന്ന നിലപാടും സര്‍ക്കാരിനില്ല. മുകേഷിന്റെ രാജി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. രാജ്യത്ത് മുമ്പും ഇതുപോലെ എം.പിമാരും എം.എല്‍.എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആരോപണവിധേയരായതാണ് ഇവരാരും എം.പി. സ്ഥാനമോ എം.എല്‍.എ സ്ഥാനമോ രാജിവെച്ചിട്ടില്ല.
അതേസമയം, സിനിമയുമായി ബന്ധപ്പെട്ട സമിതികളില്‍ അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാര്‍ട്ടി കൈക്കൊള്ളുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കണം. കേസന്വേഷണത്തില്‍ യാതൊരു ആനുകൂല്യവും എം.എല്‍.എ. എന്നതരത്തില്‍ നല്‍കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.