തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമയിലെ മൊത്തത്തിലുള്ള കാര്യമാണു പറയുന്നത്. സിനിമാമേഖല ഒന്നാകെയാണ് പ്രതികരിക്കേണ്ടത്. എന്നാല്‍ അമ്മയ്ക്കു നേരെയാണു എല്ലാവരും വിരല്‍ ചൂണ്ടുന്നത്. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല, ഭാര്യയുടെ ചികിത്സാര്‍ത്ഥം മുംബൈയിലും മദ്രാസിലുമൊക്കെയായിരുന്നു. ദൗര്‍ഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ടെന്നും നടന്‍ സമോഹന്‍ലാല്‍. തിരുവനന്തപുരത്തു വച്ച് നടന്ന കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ആദ്യമായാണു അദ്ദഹം മാധ്യമങ്ങളെ കണ്ടത്.
വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നല്‍കേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷം കൂട്ടായെടുത്ത തീരുമാനപ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചതും പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയതും.
47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നയാളാണ് ഞാന്‍. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. അതിനെ പ്രോത്സാഹിപ്പിക്കുകയല്ല.ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണ് ഞാന്‍ രണ്ടുവട്ടം ആ കമ്മിറ്റിയുടെ മുന്‍പില്‍ ഇരുന്ന് സംസാരിച്ച ആളാണ് എന്റെ സിനിമയെപ്പറ്റി ഞാന്‍ പറഞ്ഞു എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം.
വളരെ ബുദ്ധിമുട്ടിയുണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ദയവു ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടേത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ അത് നിശ്ചലമായി പോകും. ആര്‍ക്കുവേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്കു രക്ഷിക്കണം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാന്‍ ശ്രമിക്കണം.