കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്ററും ഇന്ത്യന്‍ ഓങ്കോളജി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാര്‍ കാന്‍കോണ്‍ 2024ന്റെ ഔപചാരിക ഉദ്ഘാടനം നടന്നു. പ്രമുഖ കാന്‍സര്‍ വിദഗ്ധന്‍ പത്മശ്രീ ഡോ. രവി കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യപ്രതിബദ്ധതയാണ് ചികിത്സകനുവേണ്ട ഏറ്റവും പ്രധാന ഗുണമെന്ന് അദ്ദേഹം പറഞ്ഞു. പഠനവും തൊഴിലിലെ മികവും സാധാരണക്കാരന് സഹായകമാകുന്നവിധത്തില്‍ ലഭിക്കുമ്പോഴാണ് ചികിത്സ അര്‍ത്ഥപൂര്‍ണമാകുന്നതെന്ന് രവി കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി വാര്യര്‍ അധ്യക്ഷനായി. എം.വി.ആര്‍ കാന്‍സര്‍സെന്റര്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ. ദിലീപ് ദാമോദരന്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഐ.എസ്.ഒ പ്രസിഡന്റ് ഡോ. രാജേന്ദ്ര തോപ്രാനി മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍.കെ മുഹമ്മദ് ബഷീര്‍, ഡോ.റബേക്ക ജോണ്‍ എന്നിവര്‍ സംസാരിച്ചു. കെയര്‍ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ വി.എ ഹസ്സന്‍ സ്വാഗതവും സര്‍ജിക്കല്‍ ഓങ്കോളജി വകുപ്പുതലവന്‍ ഡോ. ശ്യാം വിക്രം നന്ദിയും പറഞ്ഞു. രോഗചികിത്സയിലെ നൂതന ആശയങ്ങളെകുറിച്ച് വിവിധങ്ങളായ ചര്‍ച്ചകള്‍ നടന്നു. അമേരിക്ക, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധര്‍ നൂതന ചികിത്സാ സമ്പ്രദായങ്ങളെ പരിചയപ്പെടുത്തി. കാന്‍സര്‍ രോഗം മുക്തിനേടിയവര്‍ക്ക് വീണ്ടും തിരിച്ചുവന്നാല്‍ ഫലപ്രദമായി എങ്ങിനെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നതായിരുന്നു സെമിനാറിന്റെ മുഖ്യ വിഷയം. ഇതില്‍ ഫലപ്രദമായ ചികിത്സാരീതികളെ വിദഗ്ധര്‍ പരിചയപ്പെടുത്തി.
കാന്‍കോണ്‍ 2024ന് പ്രൗഢഗംഭീരമായ തുടക്കം