വിലങ്ങാടിനെ തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

വിലങ്ങാടിനെ തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

എഡിറ്റോറിയല്‍

               മുണ്ടക്കൈ ദുരന്തത്തിന് സമാനമായ പ്രകൃതി ദുരന്തം തന്നെയാണ് ജൂലൈ 29ന് വിലങ്ങാടും ഉണ്ടായത്. മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടാത്തതുകൊണ്ട് ഈ ദുരന്തം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. വലിയ പ്രകൃതി ദുരന്തത്തിന്റെ ഫലമായി 18 വീടുകള്‍ പൂര്‍ണ്ണമായും 26 വീടുകള്‍ വാസയോഗ്യമല്ലാതാവുകയും 313 വീടുകള്‍ ഉരുള്‍പൊട്ടല്‍ ഭീതി നേരിടുന്നവയുമാണ്. ദൗര്‍ഭാഗ്യകരമായ ഈ ദുരന്തത്തില്‍ വിലപ്പെട്ട ഒരു മനുഷ്യ ജീവനാണ് നഷ്ടപ്പെട്ടത്. അങ്ങേയറ്റം വേദനാജനകമായ ഒന്നായിരുന്നു മാത്യു മാസറ്ററുടെ മരണം. വിലങ്ങാടുണ്ടായ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും പൊതു സമൂഹത്തിന്റെ  മുന്‍പിലും, സര്‍ക്കാരിന്റെ ശ്രദ്ധയിലും കൊണ്ട് വരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പ്രദേശത്തെ രാഷ്ട്രീയ-മത സംഘടനകള്‍, മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. മാധ്യമങ്ങളുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി അഞ്ച് മന്ത്രിമാര്‍, നിയമസഭാ പരിസ്ഥിതി കമ്മിറ്റിയിലെ അഞ്ച് എം.എല്‍.എമാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കള്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും വിലങ്ങാടിനാവശ്യമായ സഹായം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാന മന്ത്രിസഭ വിഷയം ചര്‍ച്ച ചെയ്യുകയും വിലങ്ങാട്ടെ ദുരിതംപേറുന്നവരെ സഹായിക്കാന്‍ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ദുരന്തമുണ്ടായി സര്‍ക്കാര്‍ നടപടികള്‍ വൈകി എന്ന കാര്യം നിലനില്‍ക്കുമ്പോഴും സര്‍ക്കാരിന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.
സമീപ വര്‍ഷങ്ങളില്‍ കേരളം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. മഴക്കാലമായാല്‍ എന്തൊക്കെ ദുരന്തമാണ് ഉണ്ടാവുക എന്ന ആശങ്കയിലാണ് കേരളം. ദുരന്ത മേഖലകള്‍ ശാസ്ത്രീയമായി കണ്ടെത്തി പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി സംരക്ഷിക്കാനുള്ള നടപടികള്‍ ഭാവിയിലുണ്ടാവണം. ദുരന്തമുണ്ടായിട്ട് നമ്മള്‍ വേദനിച്ചതുകൊണ്ടോ, സഹായം നല്‍കിയതുകൊണ്ടോ ഉണ്ടാവുന്ന പ്രയോജനത്തേക്കാള്‍ വലുതാണ് ജനങ്ങളെ ദുരന്തം ബാധിക്കാതെ സംരക്ഷിക്കുക എന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയ പഠനങ്ങളുണ്ടാവണം. ദുരന്ത മുഖത്തുള്ളവര്‍ക്കായി കേരളം ഒന്നായി കൈകോര്‍ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിലങ്ങാടിന് അതിന്റെ പഴയ പ്രൊഢി തിരിച്ചുപിടിക്കാന്‍ കഴിയട്ടെ.

വിലങ്ങാടിനെ തിരിച്ചു പിടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Share

Leave a Reply

Your email address will not be published. Required fields are marked *