വാഴയൂര്‍: സാമൂഹിക ഇടങ്ങളെ ജാതി കൂട്ടങ്ങള്‍ പിടിച്ചെടുക്കുകയാണെന്ന് പ്രമുഖ ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സണ്ണി എം കപ്പിക്കാട്. വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഒട്ടോണമസ്) ലെ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച ‘മോഡനൈസേഷന്‍ ആന്‍ഡ് അയ്യങ്കാളി മൂവ്‌മെന്റ് ‘ എന്ന പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ‘ജാതിവ്യവസ്ഥ ദൈവദത്തമായ ഒന്നാണെന്ന് കരുതുന്ന ഒരു ജനത ഇപ്പോഴും ഉണ്ട്. അത്തരം ജാതി മൂല്യങ്ങളെ കുടഞ്ഞു കളയാന്‍ മലയാളിയെ പ്രാപ്തമാക്കിയ വ്യക്തിയാണ് അയ്യങ്കാളി എന്നാല്‍ അദ്ദേഹം ആ രീതിയില്‍ അംഗീകരിക്കപ്പെട്ടില്ല. ജാതിയെക്കുറിച്ച് വേണ്ടത് തുറന്ന ചര്‍ച്ചകള്‍ ആണെന്നും ജാതി സെന്‍സസ് ഏതെങ്കിലും ഒരു ജാതിയെ ഇകഴ്ത്തി കാട്ടാനല്ല മറിച്ച് ഇന്ത്യയെ നവീകരിക്കാനുള്ള ഒരു പ്രക്രിയയായി അതിനെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ജംഷീല്‍ അബൂബക്കര്‍,അധ്യാപകരായ നസ്‌റുല്ല വാഴക്കാട്, അഖില്‍നാഥ് കെ എസ്, നസീഫ് നാനാത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി മാളവിക പി.ടി എന്നിവര്‍ പങ്കെടുത്തു.
‘പൊതു ഇടങ്ങള്‍ ജാതി കൂട്ടങ്ങള്‍ പിടിച്ചെടുക്കുന്നു’-സണ്ണി എം കപ്പിക്കാട്