കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ ഗ്രൂപ്പിലുള്ളവരുടേയും കുറ്റാരോപിതരുടേയും പേര് പുറത്തുവിടാനുള്ള രാഷ്ട്രീയ ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്ന് എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍.കുറ്റാരോപിതരെ സംരക്ഷിക്കാന്‍ നാലരവര്‍ഷക്കാലം എല്ലാവഴികളും സ്വീകരിച്ച് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് സംരക്ഷണകവചം ഒരുക്കിയ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. പവര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ആരെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമില്ലെയെന്നും അദ്ദേഹം ചോദിച്ചു. റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കാന്‍ നേതൃത്വം നല്‍കിയ വകുപ്പ് മന്ത്രി സജി ചെറിയാന്‍ എത്രയും പെട്ടെന്ന് രാജിവെച്ച് രാഷ്ട്രീയവും ധാര്‍മികവുമായ മൂല്യം ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സര്‍ക്കാരിന്റെ നടപടികള്‍ പരിശോധിച്ചാല്‍ വേട്ടക്കാര്‍ക്കൊപ്പമാണ് സി.പി.എമ്മും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും. സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെ പേരില്‍ 2016-ല്‍ അധികാരത്തില്‍വന്ന സര്‍ക്കാര്‍, സ്ത്രീപക്ഷരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് മാത്രമല്ല, ഇരകളെ കൂടുതല്‍ വേട്ടയാടാന്‍ അവസരം ഉണ്ടാക്കുന്ന നടപടികളാണ് തുടര്‍ന്ന് നടത്തിയതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല, പലര്‍ക്കും തൊഴിലവകാശം നിഷേധിക്കപ്പെടുന്നു. അത് ചോദ്യംചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറാവാത്ത സര്‍ക്കാരാണോ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. എന്ത് കമ്യൂണിസ്റ്റ്- ഇടതു- സ്ത്രീപക്ഷരാഷ്ട്രീയമാണ് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരുന്നതെന്ന് അദ്ദേഹം ചോദിച്ചു.മാത്രമല്ല മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ എന്ത് വിശദീകരണമാണ് സി.പി.എമ്മിന് നല്കാനുള്ളത്? മുകേഷ് കേരള നിയമസഭാംഗമായി തുടരുന്നത് രാഷ്ട്രീയധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ഹേമ കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ളപ്പോഴാണ് മുകേഷിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചതന്നെും പ്രേമ ചന്ദ്രന്‍ ആരോപിച്ചു. എന്ത് കുറ്റംചെയ്താലും ഏത് ലൈംഗിക അതിക്രമത്തിലും ഹീനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാലും സി.പി.എം. അനുഭാവിയോ സഹയാത്രികനോ ആണെങ്കില്‍ ഒരു പ്രശ്നവുമില്ലെന്ന ബലമാണ് സിനിമാ ലോകത്തെ ഇത്രയും മലീമസമാക്കിയത്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാംസ്‌കാരിക കേരളം മലീമസമാക്കിയെങ്കിലും ഉത്തരവാദിത്തം സാര്‍ക്കാരിനാണെന്നും ഇന്ന് കേരളം ദേശീയ- ആഗോള തലത്തില്‍ ലൈംഗികവൈകൃതത്തിന്റെ നാട് എന്ന് പ്രചരിപ്പിക്കപ്പെടുന്നതിന്റെ ഉത്തരവാദിയും സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട പവര്‍ ഗ്രൂപ്പിലുള്ളവരുടെ പേര്
പുറത്തുവിടാനുള്ള രാഷ്ട്രീയ ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം;
എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍