വയനാടിന്റെ പുനരധിവാസത്തിന് കുടുംബശ്രീയും: പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

വയനാടിന്റെ പുനരധിവാസത്തിന് കുടുംബശ്രീയും: പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്

20,07,00,682 രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി

 

തിരുവനന്തപുരം: ഉരുള്‍പൊട്ടലില്‍ നിന്നും അതിജീവനത്തിന്റെ വഴികളില്‍ മുന്നേറുന്ന വയനാടിന്റെ സമഗ്ര പുനരധിവാസത്തിന് കരുത്തേകാന്‍ കുടുംബശ്രീയുടെ പെണ്‍കരുത്ത്. സംസ്ഥാനമൊട്ടാകെയുളള അയല്‍ക്കൂട്ട ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ ആഗസ്റ്റ് 10,11 തീയതികളിലായി സമാഹരിച്ചത് 20,05,00,682 (ഇരുപത് കോടി അഞ്ചു ലക്ഷത്തി അറുനൂറ്റി എണ്‍പത്തിരണ്ട് കോടി രൂപ മാത്രം) കോടി രൂപ. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 46 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളും ഒരേ മനസോടെ കൈകോര്‍ത്തതാണ് ധനസമാഹരണം വേഗത്തിലാക്കിയത്. ഇതോടൊപ്പം കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജന്‍സികള്‍ വഴി 2,05,000 (രണ്ട് ലക്ഷത്തി അയ്യായിരം രൂപ മാത്രം) രൂപയും സമാഹരിച്ചു. ആകെ 20,07,00,682 രൂപയുടെ ചെക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന്(2982024) മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെ ആദ്യഘട്ട സമാഹരണം പൂര്‍ത്തിയായി. സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങളില്‍ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊര്‍ജിതമാണ്. ഈ തുകയും വൈകാതെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനായി ആഗസ്റ്റ് 10, 11 തീയതികളില്‍ ‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരില്‍ കുടുംബശ്രീ ക്യാമ്പയിന്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് അയല്‍ക്കൂട്ട അംഗങ്ങള്‍ ഒന്നടങ്കം മുന്നോട്ടു വന്നത്. വയനാടിന്റെ പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ലക്ഷ്യം.

പ്രകൃതിദുരന്തങ്ങളില്‍ കേരളത്തിന് തുണയാകാന്‍ കുടുംബശ്രീ മുന്നോട്ടു വരുന്നത് ഇതാദ്യമല്ല. 2018ലെ പ്രളയക്കെടുതികളില്‍ ദുരന്തബാധിതര്‍ക്ക് തുണയാകാന്‍ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.18 കോടി രൂപ നല്‍കിയിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ നിയുക്ത എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ഗീത, മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍മാലിക്, ഡയറക്ടര്‍ കെ.എസ് ബിന്ദു, പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ നാഫി മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി, അക്കൗണ്ടന്റ് അബ്ദുള്‍ മനാഫ്, കമ്യൂണിക്കേഷന്‍ സ്‌പെഷലിസ്റ്റ് ചൈതന്യ ജി എന്നിവര്‍ പങ്കെടുത്തു.

 

വയനാടിന്റെ പുനരധിവാസത്തിന് കുടുംബശ്രീയും:
പെണ്ണൊരുമയുടെ കരുതലില്‍ രണ്ടു ദിനം കൊണ്ട് 20 കോടി

Share

Leave a Reply

Your email address will not be published. Required fields are marked *