തിരുവനന്തപുരം: വ്യാപക പരാതികളും ആരോപണങ്ങളുമുയര്‍ന്ന പശ്ചാത്തലത്തില്‍ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കും. സമിതി അഴിച്ചു പണിയാനും സര്‍ക്കാര്‍ ഒരുങ്ങിയേക്കും. സമിതി അംഗത്വം ഒഴിയാന്‍ സി.പി.എം. മുകേഷിനോട് നിര്‍ദ്ദേശിച്ചതായാണ് വിവരം.
സമിതി അംഗമായ സംവിധായകനും ഫെഫ്ക ജെനറല്‍ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കി. തനിക്കെതിരെ നിലനിന്ന വിലക്കുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പരാമര്‍ശിച്ചാണ് വിനയന്‍ ഉണ്ണികൃഷണനെതിരെ രംഗത്തെത്തിയത്.
ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ചെയര്‍മാനായ പത്തംഗ കമ്മിറ്റിയെ ആണ് സിനിമാ നയരൂപീകരണത്തിനുള്ള നിര്‍ദ്ദേശങ്ങളും കരട് നയം രൂപീകരിക്കാനുമായി സര്‍ക്കാര്‍ നിയോഗിച്ചത്. ഷാജി എന്‍. കരുണ്‍ ചെയര്‍മാനും സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി സമിതി കണ്‍വീനറുമായ കമ്മറ്റിയില്‍ സി.പി.എം. എം.എല്‍.എയും നടനുമായ മുകേഷ്, മഞ്ജുവാര്യര്‍, ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, നടി പത്മപ്രിയ, ഛായാഗ്രാഹകന്‍ രാജീവ് രവി, നടി നിഖിലാ വിമല്‍, നിര്‍മാതാവ് സന്തോഷ് കുരുവിള, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.