എഡിറ്റോറിയല്‍
താര സംഘടനയായ അമ്മ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉയര്‍ന്നുവന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയൊന്നാകെ കൂട്ട രാജി വെച്ചത്. തങ്ങളുള്‍പ്പെടുന്ന സിനിമാ മേഖലയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചില്ലെന്നതിന്റെ കുറ്റ സമ്മതമാണ് അമ്മയിലെ കൂട്ടരാജി. രണ്ട് മാസം മുന്‍പാണ് അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. നടന്‍ സിദ്ദീഖ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ സിദ്ദീഖിനെതിരെയും ആരോപണമുയര്‍ന്നു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം രാജിവെക്കേണ്ടിവരികയായിരുന്നു. നിരവധി നടന്മാര്‍, സംവിധായകര്‍, സിനിമാ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയെല്ലാം ആരോപണങ്ങളുയര്‍ന്നുവന്നിട്ടുണ്ട്. തീര്‍ത്തും പവിത്രമായ ഒന്നാവേണ്ടതാണ് കലാരംഗം. ഓരോ കലാകാരനും തനിക്ക് ലഭിച്ച അഭിനയ മികവ് പ്രകടിപ്പിക്കുമ്പോഴാണ് നമുക്ക് മികച്ച കഥാപാത്രങ്ങളും, മികച്ച നടീ-നടന്മാരെയും ലഭിക്കുന്നത്. അതിമനോഹരമായ രംഗങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന പ്രഗല്‍ഭരായ കലാകാരന്മാരെ സൃഷ്ടിച്ച മേഖലയാണ് സിനിമ. സാധാരണക്കാരന്‍തൊട്ട് എല്ലാ മേഖലയിലുള്ളവരും ആസ്വദിക്കുന്ന കലാരൂപമാണ് സിനിമ. ആ മേഖലയിലെത്തുന്ന കലാകാരന്മാരും വലിയ സ്വപ്‌നങ്ങള്‍, പ്രതീക്ഷകളോടെ വരുമ്പോള്‍ അതെല്ലാം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഏറ്റവും കുറ്റമറ്റ രീതിയില്‍ സിനിമാ ലോകം മുമ്പോട്ട് പോകണം. അതിനൊരു വലിയ തുടക്കമാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നത് നിസ്സംശയം പറയാവുന്നതാണ്.
ഈ രംഗത്ത് കഴിഞ്ഞ കാലങ്ങളിലുണ്ടായിരുന്ന അനഭിലഷണീയമായ പ്രവണതകളില്‍ നിന്ന് മുക്തമായി നമ്മുടെ സിനിമാ മേഖല ശക്തമായി മുന്നോട്ട് പോകണം. അമ്മയുള്‍പ്പെടെയുള്ള സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുകയും, ഫലപ്രദമായ നടപടി കൈക്കൊള്ളുകയും വേണം. നിലവില്‍ ഉയര്‍ന്നു വന്ന ആരോപണം പൊലീസ് മുഖം നോക്കാതെ പരിശോധിച്ച് കുറ്റക്കാരെ നിയമത്തിന് മുന്‍പിലെത്തിക്കണം. സര്‍ക്കാര്‍ നല്ല രീതിയില്‍ ഇക്കാര്യത്തിലിടപെട്ട് നമ്മുടെ സിനിമാ മേഖലയുടെ സുഗമമായ മുന്നോട്ട് പോക്കിന് എല്ലാവിധ സഹായങ്ങളും നല്‍കണം. കേരളീയ സമൂഹം നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന സിനിമാ മേഖല കൂടുതല്‍ കരുത്തോടെ ശോഭനമായ ഭാവിയോടെ മുന്നോട്ട് കുതിക്കട്ടെ.