കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വെകിയെങ്കിലും നിലപാട് വ്യക്തമാക്കി ഫെഫ്ക. റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള എല്ലാവരുടെയും പേരുവിവരങ്ങള്‍ പുറത്തുവരണമെന്ന് സംവിധായകരടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്കവെളിപ്പെടുത്തി. കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഫെഫ്ക സംഘടന ചെയ്തു. സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റിന്‍മേല്‍ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
അതിജീവതകള്‍ക്ക് അന്വേഷണ സംഘത്തെ സമീപിക്കാനും നിയമ നടപടികള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അതിനു വേണ്ടി സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമെന്നും ഫെഫ്ക വ്യക്തമാക്കി. സ്ത്രീസുരക്ഷ സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്ന ഗുരുതര പ്രശ്‌നങ്ങളെ അന്തിമമായി പരിഹരിക്കാന്‍ ആവശ്യമായ കര്‍മ്മ പരിപാടി പുറത്തിറക്കുമെന്നും ഫെഫ്ക കൂട്ടിച്ചേര്‍ത്തു.
കാലം ആവശ്യപ്പെടുന്ന തിരുത്തലുകളിലേക്കു നയിക്കുന്ന നയപരിപാടികളില്‍ എത്തിച്ചേരുക എന്നതാണു പ്രധാനമെന്നും റിപ്പോര്‍ട്ടിനെ കുറിച്ചുള്ള അപക്വവും വൈകാരികവുമായ പ്രതികരണങ്ങള്‍ മലയാള സിനിമയിലെ ട്രേഡ് യൂണിയന്‍ ഫെഡറേഷനില്‍നിന്ന് ഉണ്ടാകരുത് എന്നതിനാലാണ് റിപ്പോര്‍ട്ടിനെ സമഗ്രമായി വിലയിരുത്തിയശേഷം പ്രതികരണമെന്നും ഫെഫ്ക പറഞ്ഞു.