വിലങ്ങാട്:ഉരുള്‍ പൊട്ടലില്‍ കഷ്ടതയനുഭവിക്കുന്ന വിലങ്ങാട് പ്രദേശത്ത് മേപ്പയ്യൂര്‍ സലഫി സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതികള്‍ളെക്കുറിച്ചാലോചിക്കാന്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സലഫിയ്യ അസോസിയേഷന് പ്രസിഡണ്ടുമായ ഡോ.ഹുസൈന് മടവൂരും സംഘവും വിലങ്ങാട് സന്ദര്‍ശിച്ചു. താമരശ്ശേരി രൂപതാ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ നിര്‍ദ്ദേശപ്രകാരം വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോനാ ചര്‍ച്ചുമായി സഹകരിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുക.
രണ്ട് കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും, അസോസിയേഷന്റെ കീഴിലുള്ള ഹയര്‍ സെക്കണ്ടറി സ്കൂള്‍, എ വി അബ്ദുറഹിമാന് ഹാജി ആര്‍ട്ട്സ് ആന്റ് സയിന്സ് കോളേജ്, കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍, ഐ.ടി. ഐ, അറബിക്കോളേജ്, ടി.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം ഒഴിവുള്ള സീറ്റുകളിലേക്ക് വിലങ്ങാട്ടെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നല്‍കും. ക്ലാസുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന് ഏര്‍പ്പെടുത്തും, അവര്‍ക്ക് പാഠ പുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കും. പദ്ധതികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫൊറോന ചര്‍ച്ചിന്റെ ചുമതലവഹിക്കുന്ന ഫാദര്‍ വില്സന് മുട്ടത്ത് കുന്നേലുമായി സംഘം ചര്‍ച്ച നടത്തി. വാണിമേല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ടീച്ചര്‍ , സലഫിയ്യ അസോസിയേഷന് സെക്രട്ടറി എ.വി. അബ്ദുള്ള, വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്ള, മറ്റു ഭാരവികള്‍, സലഫി വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, അദ്ധ്യാപകര്‍, എന്‍. എസ്. എസ്.
കോഓഡിനേറ്റര്‍മാര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു. സലഫിയ്യ അസോസിയേഷന്റെ സഹായ വാഗ്ദാനത്തിന്നും സൗഹൃദ സന്ദര്‍ശനത്തിന്നും ചര്‍ച്ച് വികാരി ഫാദര്‍ വില്സന് നന്ദി രേഖപ്പെടുത്തി.
വിലങ്ങാട്;സഹായ വാഗ്ദാനവുമായി
ഡോ. ഹുസൈന് മടവൂര്‍ ക്രൈസ്ത ദേവാലയത്തിലെത്തി