എഡിറ്റോറിയല്‍
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായത്. സംഭവ സ്ഥലം നേരില്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി വളരെ വിശദമായി കാര്യങ്ങള്‍ മനസിലാക്കിയാണ് മടങ്ങിയത്. മടങ്ങുമ്പോള്‍ അദ്ദേഹം പണം, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ലെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനം വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയും തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുകയാണ്. 2000 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാനം സമര്‍പ്പിച്ചിട്ടുള്ളത്. കേരളം വളരെ പ്രതീക്ഷയോടെയാണ് ഇന്നത്തെ കൂടിക്കാഴ്ചയെ നോക്കികാണുന്നത്. തീര്‍ച്ചയായും കേന്ദ്ര സര്‍ക്കാര്‍, പ്രതിസന്ധി മറികടക്കാനുള്ള സഹായം അനുവദിക്കുമെന്നതില്‍ ഉറപ്പുണ്ട്.
മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ പല ഭാഗങ്ങളില്‍ നിന്നായി സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴും പല വ്യക്തികള്‍, സംഘടനകള്‍, സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ഭീമമായ ഒരു തുകയാണ് ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ആവശ്യമുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം അനിവാര്യമാണ്.
ദുരന്ത ബധിതര്‍ക്ക് വീട് വെച്ച് കൊടുക്കാമെന്നതുള്‍പ്പെടെ വാഗ്ദാനങ്ങള്‍ വിവിധ പ്രസ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഏകോപിപ്പിക്കുകയും, അവയെല്ലാം ആക്ഷേപ രഹിതമായി കൃത്യമായി നടപ്പാക്കാന്‍ പ്രാപ്തിയുള്ളവരെ ചുമതലപ്പെടുത്തണം. പ്രകൃതി ദുരന്തങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഴക്കാലം വരുമ്പോള്‍ തന്നെ പലയിടങ്ങളിലും ആധിയാണ്. സംസ്ഥാനത്തെ ദുരന്തമേഖലകളെ ശാസ്ത്രീയമായി കണ്ടെത്തി, അവിടങ്ങളിലുള്ളവര്‍ക്കെല്ലാം സുരക്ഷിത ഇടങ്ങള്‍ ഒരുക്കാനുള്ള ദീര്‍ഘമായ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍ക്കൈയ്യെടുക്കണം. സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നു പോകുന്നത്. സര്‍ക്കാരും ജനങ്ങളും ഒന്നിച്ച് നിന്ന് ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടേണ്ടതാണ്. ക്വാറികളുടെ പ്രവര്‍ത്തനം വിശദമായി പഠനത്തിന് വിധേയമാക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബദല്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ഇടപെടലുകള്‍ കൂടിയുണ്ടാവണം. ഒരു ഭാഗത്ത് നാം റോഡുകളിലും, ബില്‍ഡിംഗുകളിലും വികസനം കണ്ടെത്തുമ്പോള്‍ അതെല്ലാം പ്രകൃതിപരിപാലനം ഉറപ്പാക്കിക്കൊണ്ടുള്ളതാവണം. ഇക്കാര്യങ്ങളിലെല്ലാം നല്ല ആലോചനകളും യോജിച്ച തീരുമാനങ്ങളും ഉണ്ടാവേണ്ടത് ഭാവി കേരളത്തിന് അത്യന്താപേക്ഷിതമാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തമുണ്ടായത്. അന്നും പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും മനുഷ്യര്‍ക്കുണ്ടായ ദുരന്തം എല്ലാവരുടേതുമാണ്. ആ വേദനയകറ്റാന്‍, ദുരന്ത ബാധിതര്‍ക്ക് ആശ്രയമാവാന്‍ പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്ച വഴിയൊരുക്കട്ടെ.