കൊച്ചി: മോഹന്‍ലാല്‍ ‘അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സംഘടനയില്‍ അഭിപ്രായഭിന്നതയും ഒരു വിഭാഗം അംഗങ്ഹള്‍ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രാജി. 17 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു.
‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.
നാലരവര്‍ഷത്തെ സസ്പെന്‍സിനൊടുവില്‍ മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ ബാക്കിപത്രമാണ് താരസംഘടനയിലെ കൂട്ടരാജി. നേരത്തെ ലൈംഗികാരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. തുടര്‍ന്ന് ഈ സ്ഥാനത്തേക്ക് താത്ക്കാലികമായി ചുമതലയേല്‍ക്കാനിരുന്ന ബാബുരാജിനെതിരെയും ലൈംഗികാരോപണം ഉയര്‍ന്നു. ഇതോടെ സംഘടന സമ്മര്‍ദ്ദത്തിലായി .മോഹന്‍ലാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു.അമ്മയുടെ നേതൃത്വം മുഴുവന്‍ മാറണമെന്നും സ്ത്രീകള്‍ക്ക് മേല്‍ക്കൈയുള്ള ഒരു നേതൃത്വം വരണമെന്ന തരത്തിലും ചര്‍ച്ചകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ കൂട്ട രാജി.