തിരുവനന്തപുരം: ചലച്ചിത്രമേഖലയിലെ ഉന്നതര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദിഖ് എന്നിവര്‍ക്കെതിരായ ആരോപണങ്ങളാണ് പ്രധാനമായും അന്വേഷിക്കുന്നത്. പരാതിയുണ്ടെന്ന് അറിയിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും.് മുഖ്യമന്ത്രി ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണ ചുമതല. എ.ഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. ഡി.ഐ.ജി. എസ്. അജീത ബീഗം, എസ്.പി. മെറിന്‍ ജോസഫ്, എ.ഐ.ജി. ജി. പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടര്‍ ഐശ്വര്യ ഡോങ്ക്റെ, എ.ഐ.ജി. അജിത്ത് വി., എസ്.പി. എസ്. മധുസൂദനന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ഒഴികെ പുതിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും അന്വേഷണസംഘം പരിശോധിക്കുക.ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം സംവിധായകന്‍ രഞ്ജിത്തും യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനം നടന്‍ സിദ്ധിഖും രാജിവെച്ചിരുന്നു. സിനിമാ മേഖലയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇരകളും വേട്ടക്കാരും ആരൊക്കെയാണെന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. വിഷയത്തില്‍ മുഖം നോക്കാതെ നടപടിയെടുത്തില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിഛായ തന്നെ പ്രതിക്കൂട്ടിലാകും. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം വൈകിപ്പിച്ചതില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. പ്രശ്‌നത്തില്‍ ഹൈക്കോടതി തന്നെ ഇടപെടുകയും ഇരകള്‍ക്ക് നീതി ലഭിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ചലച്ചിത്രമേഖലയിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍
പ്രത്യേക സംഘത്തെ നിയോഗിച്ചു സര്‍ക്കാര്‍