തിരുവനന്തപുരം: ക്യാമറകണ്ണുകള്‍ക്കിടയിലൂടെ 68-ാം വയസില്‍ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതാന്‍ അട്ടക്കുളങ്ങര സ്കൂളില്‍ ഇന്ദ്രന്‍സ് എത്തി. കുടുംബത്തിലെ കഷ്ടപ്പാട് കാരണം 4-ാം ക്ലാസില്‍ പഠനമുപേക്ഷിച്ചതാണ് ഇന്ദ്രന്‍സ്. ഇന്ന് തനിക്ക് നഷ്ടപ്പെട്ട ആ ബാല്യ പരീക്ഷകള്‍ ഓരോന്നായി ഉത്സാഹത്തോടെ എത്തിപ്പിടിക്കുകയാണ് അദ്ദേഹം. പരീക്ഷാ ഹാളിലെത്തിയ എല്ലാ വിദ്യാര്‍ത്ഥികളേയും നെഞ്ചില്‍ കൈവെച്ച് തൊഴുത് തന്റെ രജിസ്റ്റര്‍ നമ്പര്‍ എഴുതിയിട്ട സീറ്റില്‍ ഇന്ദ്രന്‍സ് ഇരുന്ന് ക്യാമറക്ക് പോസ് ചെയ്തു. ചോദ്യക്കടലാസ് കൈയില്‍ കിട്ടിയതോടെ ചിരി മാറി ഗൗരവത്തോടെ കണ്ണോടിച്ചു നോക്കി. വല്ലതും മനസിലാകുന്നുണ്ടോ എന്ന് അടുത്തു നിന്ന് മാധ്യമപ്രവര്ത്തകന് ചോദ്യത്തിന് സിനിമകളിലേതുപോലെ തന്റെ സ്വതസിദ്ധമായ ചമ്മല്‍നിറഞ്ഞ ചിരിയായിരുന്നു ഇന്ദ്രന്‍സിന്റെ മുഖത്ത്. പിന്നീടത് ക്ലാസ് മുറിയാകെയുള്ള പൊട്ടിച്ചിരിയായി. ആളുകള്‍ ഒഴിഞ്ഞതോടെ ഉത്തരക്കടലാസ് എഴുതി നിറച്ച് നല്ല മാര്‍ക്കു വാങ്ങി ജയിക്കാന്‍ ഉള്‍പ്പേടിയുള്ള കുട്ടിയുടെ റോളിലേക്കു മാറി ഇന്ദ്രന്‍സ്.
ജയിച്ചാല്‍ ഇന്ദ്രന്‍സിന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാം. നാലാം ക്ലാസ് ആണ് നിലവില്‍ ഇന്ദ്രന്‍സിന്റെ വിദ്യാഭ്യാസ യോഗ്യത.
ക്യാമറകണ്ണുകള്‍ക്കിടയിലൂടെ ഏഴാം ക്ലാസ് തുല്യതാ
പരീക്ഷ എഴുതി ഇന്ദ്രന്‍സ്