ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സ മഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിനിമ, സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാനും കത്തു നല്‍കി. റിപ്പോര്‍ട്ടില്‍ ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ വെളിപ്പെടുത്തുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ ഗുരുതര കുറ്റകൃത്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്ന് അഭ്യര്‍ഥിക്കുന്നതായാണ് വിഡി സതീശന്റെ കത്ത്.നിയമ വ്യവസ്ഥയില്‍ ക്രിമിനല്‍ കുറ്റമെന്നത് ഒരു വ്യക്തിക്കെതിരെ മാത്രമല്ല സമൂഹത്തിന് എതിരായ കുറ്റമായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നത് നിയമവ്യവസ്ഥയുടെ ആവശ്യമാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ സമീപനമാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകേണ്ടത്. പോക്സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019-ല്‍ സമര്‍പ്പിച്ചിട്ടും അന്വേഷണം നടത്താതെ റിപ്പോര്‍ട്ട് പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇതു പോക്സോ നിയമപ്രകാരം കുറ്റകരമാണ്. പോക്സോ നിയമപ്രകാരമുള്ള കുറ്റം ചെയ്തെന്നറിഞ്ഞിട്ടും മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണെന്നതു സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

സിആര്‍പിസി സെക്ഷന്‍ 154 പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173 വകുപ്പ് പ്രകാരവും ‘കോഗ്നിസബിള്‍ ഒഫന്‍സ്’ വ്യക്തമായാല്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ വെളിവായിട്ടും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി വേട്ടക്കാരെ ചേര്‍ത്തു പിടിക്കല്‍ അല്ലാതെ മറ്റെന്താണ്? സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് അറിവു കിട്ടിയിട്ടും നാലര വര്‍ഷമായി സര്‍ക്കാര്‍ അത് മറച്ചുവച്ചത് ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് പ്രകാരം ക്രിമിനല്‍ കുറ്റമാണെന്നതും ശ്രദ്ധയില്‍പ്പെടുത്തുന്നതായും വി.ഡി സതീശന്‍ വ്യക്തമാക്കി.

 

 

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണം
മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Share

Leave a Reply

Your email address will not be published. Required fields are marked *