ബലാത്സംഗ കേസുകളില്‍ അതിവേഗ വിചാരണയും ശിക്ഷയും നടപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മമത

ബലാത്സംഗ കേസുകളില്‍ അതിവേഗ വിചാരണയും ശിക്ഷയും നടപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മമത

കൊല്‍ക്കത്ത: ബലാത്സംഗ കേസുകളില്‍ അതിവേഗ വിചാരണയും ശിക്ഷയും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ ആശുപത്രിയിലെ യുവ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലാണ്, ബലാത്സംഗ കേസുകളില്‍ 15 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മമത ബാനര്‍ജി കത്തയച്ചത്.

ബലാത്സംഗ കേസുകളില്‍ വിചാരണ 15 ദിവസത്തിനകം നടത്തുന്നതിനുള്ള കേന്ദ്ര നിയമം ഉടനടി നടപ്പാക്കണമെന്നതാണ് കത്തിലെ ഉള്ളടക്കം.രാജ്യത്ത് പ്രതിദിനം 90ഓളം ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും മമത കത്തില്‍ വ്യക്തമാക്കി.
തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ചുമതലയാണ്. അതിനായി ബലാത്സംഗ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്ന കര്‍ശനമായ കേന്ദ്ര നിയമ നിര്‍മ്മാണം അനിവാര്യമാണെന്നും മമത പറഞ്ഞു. ഇത്തരം കേസുകളില്‍ അതിവേഗ വിചാരണക്ക് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്നും നീതി ഉറപ്പാക്കാന്‍ 15 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇത്രയും വലിയൊരു അതിക്രമം നടന്ന് അതിനെതിരെ പ്രതിഷേധം രൂക്ഷമായിരിക്കുമ്പോഴും ‘നിര്‍ഭാഗ്യവശാല്‍, ശാശ്വതമായ ഒരു പരിഹാരത്തെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് അഭിഷേക് ബാനര്‍ജി പറഞ്ഞു.
മമത ബാനര്‍ജിക്ക് വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചില്ലെന്നും അവരുടെ രാജി ആവശ്യപ്പെട്ടും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 9 നാണ് കൊല്‍ക്കത്ത ആര്‍.ജി കാര്‍ മെഡിക്കല്‍ കൊളേജിലെ പി.ജി വിഭാഗം ഡോക്ടറായ 31 കാരിയെ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂര പീഡനത്തിന് വിധേയമായതായി കണ്ടെത്തി. തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കേസ് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

 

 

ബലാത്സംഗ കേസുകളില്‍ അതിവേഗ വിചാരണയും
ശിക്ഷയും നടപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി മമത

 

Share

Leave a Reply

Your email address will not be published. Required fields are marked *