കൊച്ചി: പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ല. തെറ്റു ചെയ്തവര്‍ക്കെതിരെ കേസെടുക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിലപാട് വ്യക്തമാക്കി അഭിനേതാക്കളുടെ സംഘടനയായ അമ്മ. പ്രതികരിക്കാന്‍ വൈകിയത് എല്ലാവരും തിരക്കിലായതിനാലാണെന്നും അല്ലാതെ ഒളിച്ചോട്ടമല്ലെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും തികച്ചും സ്വാഗതാര്‍ഹമാണെന്നും അമ്മ ജന.സെക്രട്ടറി സിദ്ദീഖ് വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അമ്മയ്‌ക്കെതിരെയുള്ള ഒന്നല്ല. ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലെടുത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണ്. റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണം എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ്.മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പവര്‍ഗ്രൂപ്പായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ സിനിമാ മേഖല മുന്നോട്ട് പോകില്ല.
ലൈംഗികാതിക്രമത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ലഭിക്കാതെ പോകുന്നു എന്ന പ്രശ്‌നമാണ് സിനിമ മേഖല നേരിടുന്ന വലിയ പ്രശ്‌നം. ലൈംഗികാതിക്രമ ആരോപണങ്ങളില്‍ വേട്ടക്കാരുടെ പേരു പുറത്തുവിടണമെന്നും കേസെടുക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം അമ്മ ആലോചിച്ചു തീരുമാനമെടുക്കും.
ഡബ്ല്യുസിസി അംഗങ്ങള്‍ക്ക് അവസരം നിഷേധിക്കാന്‍ ആവില്ല. ഒരു കഥാപാത്രത്തിന് ഏറ്റവും അനുയോജ്യരായ ആളുകളെയാണ് ആദ്യം പരിഗണിക്കുന്നത്. അവരെ ലഭ്യമായില്ലെങ്കില്‍ മാത്രമാണ് മറ്റൊരാളെ തിരഞ്ഞെടുക്കുക. ഒരു പവര്‍ ഗ്രൂപ്പിന് അങ്ങനെ ആരെയും മാറ്റിനിര്‍ത്താനാവില്ല. പാര്‍വതിക്ക് ഇടവേളയുണ്ടായ കാര്യത്തില്‍ മറുപടി പറയാന്‍ പറ്റില്ല. പല ഘടകങ്ങള്‍ ഒന്നിച്ചുചേരുമ്പോഴാണ് ഒരു സിനിമ സംഭവിക്കുന്നത്. ഞങ്ങള്‍ക്കും സിനിമ ലഭിക്കുന്നത് അങ്ങനെയാണ്. ഇടവേള എനിക്കും ഉണ്ടായിട്ടുണ്ട്. പാര്‍വതി കഴിവുള്ള നടിയാണ്. തനിക്കുണ്ടായ ദുരനുഭവം തുറഞ്ഞുപറഞ്ഞ തിലകന്റെ മകള്‍ സോണിയ തിലകനെ അഭിനന്ദിക്കുന്നു.
സിനിമ സെറ്റുകളില്‍ പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലുമില്ലെന്ന പരാതി ഇപ്പോള്‍ കണക്കിലെടുക്കാനാവില്ല. നാലഞ്ച് വര്‍ഷം മുമ്പായിരുന്നെങ്കില്‍ അത് ശരിയായിരുന്നു. ഇപ്പോള്‍ സാഹചര്യം മാറി. ഭൂരിഭാഗം സെറ്റിലും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിനു മോഹന്‍, ചേര്‍ത്തല ജയന്‍, ജോമോള്‍, അനന്യ എന്നിവരും പങ്കെടുത്തു.