സ്വതന്ത്ര യുക്രൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
കീവ്: ചരിത്രപരമായ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈനിലെത്തി. ദീര്‍ഘ നേരത്തെ തീവണ്ടി യാത്രക്ക് ശേഷമാണ് മോദി യുക്രൈന്‍ തലസ്ഥാനമായ കീവിലെത്തിയത്. 2022-ല്‍ റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രൈനിലേക്കു പോകുന്നത്. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി മോദി കൂടിക്കാഴ്ച നടത്തും.സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരമാണ് മോദി യുക്രൈനില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയത്.1991-ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് യുക്രൈന്‍ സ്വതന്ത്രമായതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം സന്ദര്‍ശിക്കുന്നത്.
യുക്രൈനിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കടുത്ത ആശങ്കയറിയിച്ചിരുന്നു. ഒരു പ്രശ്നവും യുദ്ധഭൂമിയില്‍ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.സമാധാനവും സുസ്ഥിതിയും പുനഃസ്ഥാപിക്കാനുള്ള എല്ലാ നയതന്ത്രത്തെയും ഇന്ത്യ പിന്തുണയ്ക്കുന്നതായും ഇതിനായി സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യയും സുഹൃദ്രാജ്യങ്ങളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.