കോഴിക്കോട്: കുട്ടികളില്‍ സാമ്പത്തിക പരിജ്ഞാനം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും ഇസാഫ് ബാലജ്യോതിയും ചേര്‍ന്ന് സമഗ്ര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് നിര്‍വ്വഹിച്ചു. ചെറിയ ക്ലാസുകള്‍ മുതല്‍ക്കേ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അവബോധം നല്‍കുന്നത് സാമ്പത്തിക ഉത്തരവാദിത്തമുള്ള ഭാവി തലമുറയെ രൂപപ്പെടുത്താന്‍ സഹായിക്കുമെന്ന് കെ പോള്‍ തോമസ് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളില്‍ ശരിയായ തീരുമാനമെടുക്കാനും അതുവഴി വളരുന്ന സമ്പദ്വ്യവസ്ഥക്ക് ശക്തിസ്രോതസ്സായി മാറാനും യുവ മനസുകളെ സജ്ജരാകുക എന്നതാണ് ഐഐഎം കോഴിക്കോടുമായി ചേര്‍ന്ന് നടത്തുന്ന ഈ സാമ്പത്തിക വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഐഎം ഇക്കണോമിക്‌സ് വകുപ്പ് തയ്യാറാക്കിയ ഈ പാഠ്യ പദ്ധതിയില്‍ വ്യക്തിഗത വരുമാനം, ധന വിനിയോഗത്തിലെ ഉത്തരവാദിത്തം, സമ്പാദ്യശീലം, ഡിജിറ്റല്‍ ഇടപാടുകളിലെ സുരക്ഷ എന്നീ മേഖലകളെ മുന്‍നിര്‍ത്തിയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ അറിവും ബോധവല്‍ക്കരണം നല്‍കി സാമ്പത്തിക കാര്യങ്ങളില്‍ ശാസ്ത്രീയമായ സ്വയം പര്യാപ്തത കൈവരുത്താനും പദ്ധതി ലക്ഷ്യമിടുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തെരെഞ്ഞെടുത്ത 45 സ്‌കൂളുകളിലെ പത്ത് മുതല്‍ പന്ത്രണ്ട് വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പാഠ്യപദ്ധതിയുടെ ദൃശ്യാവിഷ്‌കാരം പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് വിജേഷിന്റെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ നടക്കും. ചടങ്ങില്‍ ഐഐഎം കോഴിക്കോട് പ്രൊഫസര്‍ അശോക് തോമസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ചിത്വാന്‍ ലാല്‍ജി, സില്‍വര്‍ ഹില്‍സ് സിഎംഐ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ ജോണ്‍ മണ്ണാറത്തറ, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, ഇസാഫ് ബാങ്ക് സസ്‌റ്റൈനെബിള്‍ ബാങ്കിംഗ് മേധാവി റെജി കോശി ഡാനിയേല്‍, കോഴിക്കോട് സര്‍വകലാശാല പ്രൊഫസര്‍ ഡോ ബിജു മാത്യൂ എന്നിവര്‍ പ്രസംഗിച്ചു.
സമഗ്ര സാമ്പത്തിക വിദ്യാഭ്യാസ പദ്ധതിയുമായി ഇസാഫ് ബാലജ്യോതിയും ഐഐഎമ്മും