കൊച്ചി: നടപടിയില്ലെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പാഴ്വേലയാകുമെന്നും സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതി.ആക്ടിങ്് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും സമ്പൂര്‍ണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനും മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളില്‍ എന്തു നടപടി എടുക്കാന്‍ സാധിക്കുമെന്ന് അറിയിക്കാനും സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. നടപടിയെടുത്തില്ലെങ്കില്‍ കമ്മിറ്റി രൂപീകരിച്ചത് ഉള്‍പ്പെടെയുള്ളവ പാഴ്വേലയാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ലൈംഗികാതിക്രമം ഉള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ക്രിമിനല്‍ നടപടി ആരംഭിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്ത്തകന് പായിച്ചറ നവാസ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.ബലാത്സംഗം, ലൈംഗിക താല്പര്യങ്ങള്ക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉള്‍പ്പെടെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വനിതാ കമ്മിഷനെയും കക്ഷി ചേര്‍ത്തു.മൊഴികള്‍ നല്‍കിയവര്‍ക്കു മുന്നോട്ടുവരാന്‍ പറ്റാത്ത സാഹചര്യമാണ്. കമ്മിറ്റിയോടു പേര് പറയാന്‍ സര്‍ക്കാരിന് ആവശ്യപ്പെടാനുമാവില്ല. എന്നാല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിര്‍ദേശിച്ചു. ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നിയമനടപടി എടുക്കാനാവുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മൊഴികള്‍ നല്‍കിയവര്‍ക്ക് അതുമായി പൊതുസമൂഹത്തിലേക്ക് വരാന്‍ കഴിയാത്തവരാണ്. എന്നാല്‍ അവര്‍ നേരിട്ടിട്ടുള്ള അനുഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടില്‍ രഹസ്യമാക്കിവച്ചിരിക്കുന്ന ഭാഗങ്ങളില്‍ കേസെടുക്കാന്‍ പറ്റിയ വസ്തുതകളുണ്ടോയെന്നു പരിശോധിച്ചശേഷം നടപടി സ്വീകരിക്കാന്‍ പറ്റില്ലേ എന്ന് കോടതി ആരാഞ്ഞു. പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെട്ടാല്‍ നടപടിയെടുക്കാന്‍ വകുപ്പില്ലേയെന്നു കോടതി ചോദിച്ചു. പോക്സോയാണെങ്കില്‍ നടപടിയെടുക്കാനാവുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.
നടപടിയില്ലെങ്കില്‍ ഹേമ കമ്മിറ്റി പാഴ്വേല
സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം;ഹൈക്കോടതി