കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് നാല് ദിവസമായിട്ടും സിനിമാ സംഘടനകള്‍ മൗനം തുടരുകയാണ്. സംവിധായകരുടെ സംഘടനയായ ഫെഫ്ക യോഗം ചേര്‍ന്നെങ്കിലും പ്രതികരിക്കില്ല എന്നായിരുന്നു തീരുമാനം. താരസംഘടനയായ ‘അമ്മ’യും ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ചിട്ട് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചു.
റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് രംഗത്തെത്തി. എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളില്‍ ആവശ്യപ്പെട്ടു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തി. ഇരകള്‍ പരാതി നല്‍കട്ടെ എന്ന നിലപാട് സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍ പാര്‍വതി മീഡിയവണിനോട് പറഞ്ഞു. പവര്‍ഗ്രൂപ്പിലുള്ളവരുടെ പേരുകളേക്കാള്‍ പ്രധാനം ഇനിയുള്ള നടപടികളെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഫെഫ്കയും അമ്മയും മൗനം തുടരുന്നു