തിരുവനന്തപുരം: നെടുമങ്ങാട് സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി കച്ചേരിവിള വീട്ടില്‍ ഉണ്ണിയ്ക്ക് വധശിക്ഷയും 4,60,000 രൂപ പിഴയും. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. അഞ്ച്, ആറ് പ്രതികളായ കരിപ്പൂര് മഞ്ച സ്വദേശി കണ്ണന്‍, തൊളിക്കോട് മടത്തിങ്കള്‍ ഹൗസില്‍ രജിത്ത് ബാബു, വലിയമല ശാന്തിഭവനില്‍ ശരത് കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചത്. കേസിലെ രണ്ട്, നാല് പ്രതികളായ പ്രശാന്ത്, ഷിബു എന്നിവരെ വെറുതെ വിട്ടു.തിരുവനന്തപുരം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹനനാണ് ശിക്ഷ വിധിച്ചത്.
മരിച്ച വിനോദിന്റെ മാതാവ് ശ്രീകുമാരി, സഹോദരന്‍മാരായ ബിജു, വിനീത് എന്നിവര്‍ക്ക് പിഴത്തുകയില്‍നിന്നും നാലുലക്ഷം രൂപ നല്‍കണം. കേസിലെ 29ാം സാക്ഷി അനസ്, സംഭവത്തില്‍ പരുക്കേറ്റ ഒന്നാം സാക്ഷി ഷാനവാസ് എന്നിവര്‍ക്ക് 20,000 രൂപ നല്‍കാനും ഉത്തരവില്‍ പറയുന്നു. ഒന്നാം പ്രതി പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ആപത്താണെന്നും ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ ജയിലില്‍ കിടക്കുന്ന സമയങ്ങളിലും അക്രമം കാണിക്കും എന്ന റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.
കേസിനാസ്പദമായ സംഭവം നടന്നത് 2016 ജനുവരി 31നാണ്. വേണാട് ആശുപത്രിയില്‍ സുഹൃത്തിന്റെ ചികിത്സയ്ക്കായി എത്തിയ വിനോദിനെ വാക്കുതര്‍ക്കത്തിന്റെ പേരില്‍ കൊലപ്പെടുത്തുകയായിരുന്നു.
നെടുമങ്ങാട് വിനോദ് വധം: ഒന്നാം പ്രതിക്ക് വധശിക്ഷ