കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സിബിഐ. കഴിഞ്ഞ ദിവസം സിബിഐ സംഘം ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരെ അടക്കം ചോദ്യം ചെയ്തിരുന്നു. ആശുപത്രി ജീവനക്കാരെ സംശയമുണ്ടെന്നും ഇനിയും ചോദ്യം ചെയ്യല്‍ തുടരുമെന്നും സി.ബി.ഐ അറിയിച്ചു. കേസില്‍ ഒരുപ്രതി മാത്രമാണെന്ന പൊലീസിന്റെ നിഗമനം തെറ്റാണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.ആശുപത്രി അടിച്ചുതകര്‍ക്കുകയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭരണത്തില്‍ ബംഗാളില്‍ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും ബിജെപി ആരോപിച്ചു.മാത്രമല്ല സ്ത്രീ മുഖ്യമന്ത്രിയായ ഒരു സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്നും അക്രമികളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നുമാണ് ബിജെപിയുടെ ആരോപണം. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടും അവരുടെ മൗനം ഞെട്ടിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍ കഴിഞ്ഞദിവസം പറഞ്ഞു.സമരം നടക്കുന്ന ആശുപത്രിയില്‍ കഴിഞ്ഞദിവസം ഉണ്ടായ അക്രമത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന കേസില്‍ ഇതുവരെ ഒരാളാണ് അറസ്റ്റിലായിട്ടുള്ളത്.
യുവഡോക്ടറുടെ ബലാത്സംഗക്കൊല:
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് സിബിഐ