കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കെ. കെ. ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കെ. കെ. ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

മട്ടന്നൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ‘ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കണ്‍വെന്‍ഷനും മട്ടന്നൂരില്‍ എം.എല്‍.എയും മുന്‍ ആരോഗ്യമന്ത്രിയുമായ കെ. കെ ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

കണ്‍വെന്‍ഷന് മുന്‍പ്, രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ ടൗണില്‍ ‘സമര വിളംബര ജാഥയും’ നടന്നു. കണ്ണൂര്‍ ജില്ലയിലെ എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളില്‍പെട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, സാമൂഹ്യ – സാംസ്‌കാരിക – സാമുദായിക നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. മട്ടന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മാവില, സിപിഎം മട്ടന്നൂര്‍ ഏരിയ സെക്രട്ടറി എം രതീഷ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി, മുസ്തഫ ചൂരിയോട്ട്, ഐ. എ.എല്‍ ജില്ലാ സെക്രട്ടറി ഹമീദ് ചെങ്ങളായി, ബാബുരാജ് ഉളിക്കല്‍ (ജനതാദള്‍), പി. കെ. കബീര്‍ സലാല, അബ്ദുള്ള ഹാജി ബ്ലാത്തൂര്‍ (കോണ്‍ഗ്രസ്), ഫാ. സജി മെക്കാട്ട് (സെന്റ് ഫ്രാന്‍സിസ് അസ്സീസി ദേവാലയം, തിരൂര്‍), സക്കറിയ കെ. കെ, സുബൈര്‍ മാര്‍ത്താണ്ഡം, ഷെരീഷ് ചക്കിയാത്ത്, സലാം കേച്ചേരി (ഗ്ലോബല്‍ പ്രവാസി യൂണിയന്‍), നാസര്‍ ടി. പി (കോണ്‍ഗ്രസ്), ആക്ഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍മാരായ ജിജിമോന്‍ കുഴിവേലില്‍, അബ്ദുള്‍ അസീസ് പാലക്കി, ജാബിര്‍ ടി. സി, അഞ്ചാംകൂടി രാജേഷ്, അഡ്വ. റെന്‍സണ്‍ തുടിയംപ്ലാക്കല്‍, ഷംസു ചെട്ടിയാങ്കണ്ടി, ആന്റണി മെല്‍വെട്ടം, റിയാസ് പത്തൊന്‍പതാം മൈല്‍, നസീര്‍ സി. എം എന്നിവര്‍ പ്രസംഗിച്ചു.

കണ്ണൂര്‍ എയര്‍പോര്‍ട്ടിനുവേണ്ടി ആദ്യ കാലങ്ങളില്‍ പരിശ്രമങ്ങള്‍ നടത്തിയ മഹേഷ് ചന്ദ്ര ബാലിക, പി. കെ വേങ്ങര, ടി. പി. അബ്ബാസ് എന്നിവര്‍ക്ക് കെ. കെ ഷൈലജ എം.എല്‍.എ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്റെ ‘ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്’ നല്‍കി ആദരിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും, സിംഗപ്പൂരിലും, മലേഷ്യയിലും, ഓസ്ട്രേലിയയിലുമൊക്കെയായി ജീവിക്കുന്ന, വടകര മുതല്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ ആശ്രയിക്കുന്നത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. യാത്രക്കാര്‍ക്ക് ആവശ്യത്തിന് വിമാനങ്ങളില്ല. ലഭ്യമായ വിമാനങ്ങളുടെ ടിക്കറ്റ് വില അതിഭീകരം. സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റാത്ത രീതിയില്‍ ടിക്കറ്റ് വില കുത്തനെ ഉയരുവാന്‍ കാരണം, കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്തുവാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി കൊടുക്കാത്തതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം മൂലം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ സംസ്ഥാനത്തിനകത്തേയും പുറത്തേയും മറ്റ് എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നു. അതുമൂലം കണ്ണൂര്‍ എയര്‍പോര്‍ട്ട് ശൂന്യമായിക്കിടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് ആരോപിച്ചു.

കണ്ണൂര്‍ എയര്‍പോര്‍ട്ട് നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായും പരിഹരിക്കണമെന്നും എയര്‍പോര്‍ട്ടിന് ‘പോയന്റ് ഓഫ് കോള്‍’ പദവി നല്‍കണമെന്നും ആവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളുമൊക്കെ കേന്ദ്ര സര്‍ക്കാരിലും എം.പിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലുമൊക്കെ നിരവധിതവണ ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ ദിവസം കഴിയുംതോറും കണ്ണൂര്‍ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുരിതമായി മാറിക്കൊണ്ടിരിക്കുന്നു.തകര്‍ന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ അവസ്ഥ, തിരിച്ചു പിടിക്കുന്നതിന് ജാതി -മത -കക്ഷി -രാഷ്ട്രീയ ഭേദമന്യേ, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തില്‍ ‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍’ രൂപീകരിച്ച്, അതിശക്തമായ ജനകീയ മുന്നേറ്റത്തിന് തയ്യാറെടുത്തിരിക്കുന്നതെന്ന് രാജീവ് ജോസഫ് പറഞ്ഞു.

 

 

കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ സമര പ്രഖ്യാപന
കണ്‍വെന്‍ഷന്‍ കെ. കെ. ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *