ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ദില്ലി:ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഹരിയാനയില്‍ ഒറ്റഘട്ടമായിട്ട് ഒക്ടോബര്‍ ഒന്നിന് വോട്ടെടുപ്പ നടക്കും.രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഒക്ടോബര്‍ 4ന് നടക്കും.
ജമ്മു കശ്മീര്‍,ഹരിയാന തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. രണ്ടിടങ്ങളിലും കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. കശ്മീരിലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മികച്ച പ്രതികരണമാണ് കിട്ടിയത്.

ജമ്മു കശ്മീരില്‍ 90 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെയുള്ള 87.09 ലക്ഷം വോട്ടര്‍മാരില്‍ 3.71 ലക്ഷം പുതുമുഖ വോട്ടര്‍മാരാണ്.169 ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 11,838 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനുണ്ടാകുക.

ഹരിയാനയില്‍ 90 മണ്ഡലങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.01 കോടി വോട്ടര്‍മാരാണ് ഹരിയാനയിലുള്ളത്. 20,629 പോളിംഗ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. പക്ഷപാതപരമായി പെരുമാറരുതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യ അവസരം ഉറപ്പാക്കും. കശ്മീരിലെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സുരക്ഷ നല്‍കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

47 ഇടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്താനുണ്ടെന്നും പ്രകൃതിദുരന്തം ഉണ്ടായ വയനാട് ഉടന്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സാഹചര്യം പരിശോധിച്ച് ഒന്നിച്ച് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കും. കാലാവസ്ഥയടക്കമുള്ള ഘടകങ്ങള്‍ മാനദണ്ഡമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

കാലാവധി അഞ്ച് മാസത്തിനിടെ പൂര്‍ത്തിയാകുന്ന രണ്ട് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇതില്‍ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പ് നടപടികളാണ് ആദ്യം പൂര്‍ത്തിയാക്കേണ്ടത്. സെപ്റ്റംബര്‍ മുപ്പതിനുള്ളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. ജമ്മുകശ്മീരില്‍ സുരക്ഷാ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ് പ്രഖ്യാപനത്തിലേക്ക് നീങ്ങുന്നത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയതും അനുകൂല ഘടകമായി വിലയിരുത്തപ്പെടുന്നു.രാഷ്ട്രപതി ഭരണം, പുനസംഘടന തുടങ്ങിയ നടപടികളില്‍ പെട്ട കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

 

ജമ്മു കശ്മീര്‍, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *