കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് കൈകാര്യംചെയ്തതിലെ വീഴ്ചയും വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങളിലെ സുരക്ഷാ നടപടികളെയും ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇരയ്ക്ക് നീതി ലഭിക്കുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് ആശുപത്രിക്കാരും പ്രാദേശിക ഭരണകൂടവും ശ്രമിക്കുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി.മെഡിക്കല്‍ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടര്‍മാര്‍ സുരക്ഷിതരല്ലെങ്കില്‍ പിന്നെ എങ്ങനെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ പെണ്‍മക്കളെ പഠനത്തിനായി പുറത്തേക്ക് അയയ്ക്കും. നിര്‍ഭയ കേസിന് ശേഷം ഉണ്ടാക്കിയ കര്‍ശന നിയമങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരാജയപ്പെടുന്നതെന്നും രാഹുല്‍ ചോദിച്ചു.
സ്ത്രീകള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളില്‍ പാര്‍ട്ടി ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഗൗരവമായ ചര്‍ച്ചകള്‍ നടത്തുകയും കൃത്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.
വനിതാ ഡോക്ടറുടെ കൊലപാതകം: കേസ് കൈകാര്യംചെയ്തതിലെ വീഴ്ച
ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി