വയനാട്: വയനാട്ടിലുണ്ടായ രൂക്ഷമായ ഉരുള്‍പൊട്ടലിന് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് വേള്‍ഡ് വെതര്‍ ആട്രിബ്യുഷന്‍. ജൂലായ് 29,30 തീയതികളില്‍ പെയ്ത ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നും വേള്‍ഡ് വെതര്‍ ആട്രിബ്യുഷനിലെ 24 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം പറയുന്നത്.
കെട്ടിടനിര്‍മാണ സാമഗ്രികള്‍ക്കായുള്ള ഖനനവും വനനശീകരണവും കനത്ത മഴയില്‍ മണ്ണിടിച്ചല്‍ സാധ്യത വര്‍ധിപ്പിച്ചെന്നാണ് പഠനറിപ്പോര്‍ട്ട്. 1950-നും 2018-നും ഇടയില്‍ വയനാട്ടില്‍ ഏകദേശം 62 ശതമാനത്തോളം വനം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. തേയില തോട്ടങ്ങളുടെ വിസ്തൃതി 1800 ശതമാനമാണ് വര്‍ധിച്ചത്. ഇത് മലകളും ചരിവുകളും അസ്ഥിരമാക്കി.കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കനത്ത മഴ ഭാവിയിലും മണ്ണിടിച്ചിലിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്ലൈമറ്റ് മോഡലുകളും കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവിധ രേഖകളും വിലയിരുത്തിയാണ് പഠനം നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ആറ് ശാസ്ത്രജ്ഞരും യു.എസ്. ഇംഗ്ലണ്ട്, മലേഷ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരും സംഘത്തിലുണ്ട്.