വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം സര്‍ക്കാര്‍ ധനസഹായം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം സര്‍ക്കാര്‍ ധനസഹായം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കാണാതായ വ്യക്തികളുടെ ആശ്രിതര്‍ക്കും ധനസഹായം ലഭിക്കും. 70 % അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപയും അതില്‍ കുറവുള്ളവര്‍ക്ക് 50000 രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓരോ കുടുംബത്തിനും പ്രതിമാസം 6000 രൂപ വാടക ഇനത്തില്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ബന്ധുവീടുകളിലേക്ക് മാറുന്നവര്‍ക്കും വാടക തുക ലഭിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കോ സ്‌പോണ്‍സര്‍ഷിപ്പ് കെട്ടിടങ്ങളിലോ മാറുന്നവര്‍ക്ക് വാടക തുക ലഭിക്കില്ല. രേഖകള്‍ നഷ്ടമായവര്‍ക്ക് പുതുക്കിയ രേഖ വാങ്ങാമെന്നും ഫീസ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് നടപടി പൂര്‍ത്തിയാക്കി കാണാതായവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

118 പേരെ ഡിഎന്‍എ പരിശോധനയില്‍ ഇനിയും കണ്ടെത്താനുണ്ട്. വിദഗ്ധ സംഘത്തിന്റെ സമഗ്ര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദുരന്തം ബാധിച്ച് മേഖലയിലെ പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭൂവിനിയോഗ രീതികളും വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക. വിശദമായ ലിഡാര്‍ സര്‍വേ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

 

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം; മരിച്ചവരുടെ
കുടുംബത്തിന് 6 ലക്ഷം സര്‍ക്കാര്‍ ധനസഹായം

Share

Leave a Reply

Your email address will not be published. Required fields are marked *