കര്‍ണ്ണാടക: അങ്കോലയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. തിരച്ചിലിനു മുന്നിലുള്ളതും ഈശ്വര്‍ മല്‍പെ ആണ്. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ ഗംഗാവലിപ്പുഴയിലെ കുത്തൊഴുക്കിനെ വകവയ്ക്കാതെ പല ദിവസങ്ങളിലായി മണിക്കൂറുകളോളമാണ് അര്‍ജുനെ തേടി മുങ്ങാംകുഴിയിട്ടത്. ചൊവ്വാഴ്ചത്തെ തിരച്ചിലില്‍ ഒരു ട്രക്കിന്റെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തി. അധികം പഴയതല്ലാത്ത ജാക്കി, അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ മനാഫ് പറയുന്നു. അര്‍ജുനായുള്ള ദൗത്യം ഉടന്‍ കരയ്ക്കടുക്കുമെന്ന പ്രതീക്ഷയ്ക്കു ബലമേകുന്നതും മല്‍പെയാണ്.
വെള്ളത്തിന്റെ മട്ടുംഭാവവും കൈവെള്ള പോലെ പഠിച്ചയാളാണ് ഈശ്വര്‍ മല്‍പെ. വെള്ളത്തില്‍ അപകടത്തില്‍ പെടുന്നവരെ കരയ്ക്കു കയറ്റുന്ന രക്ഷകന്‍. 20 വര്‍ഷമായി കര്‍ണാടകയിലെ ചിക്കമംഗളൂരു, ബംഗളൂരു, കോലാര്‍, ബെലഗാവി, ദണ്ഡേലി തുടങ്ങിയ സ്ഥലങ്ങളിലെ ജലാശയങ്ങളില്‍നിന്ന് നിരവധി പേരെയാണു മല്‍പെ രക്ഷിച്ചത്. ആയിരത്തോളം അവശിഷ്ടങ്ങളും കണ്ടെടുത്തു. അതില്‍ മൃതദേഹങ്ങളും മൊബൈല്‍ ഫോണുകളും ഡ്രോണുകളും എല്ലാമുണ്ട്. വെള്ളത്തിനടിയിലെ സാഹസികത മല്‍പെയ്ക്കു വിനോദമല്ല, സമൂഹത്തോടുള്ള കടപ്പാടാണ്. ജൂലൈ 16ന് മണ്ണിടിച്ചിലില്‍ അകപ്പെട്ടു നദിയില്‍ വീണ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ മന്ദഗതിയിലായപ്പോള്‍ മല്‍പെ പ്രത്യാശയുടെ വെളിച്ചമായെത്തി.ഇത്രയും അനുഭവവും സഹായങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിട്ടും 2 പതിറ്റാണ്ടിനിടയിലെ കഠിനമായ ദൗത്യമാണു ഷിരൂരിലേതെന്ന് ഈശ്വര്‍ പറഞ്ഞു.
അര്‍ജുനായുള്ള തിരച്ചില്‍ പുനരാംഭിച്ചു