ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിന് രാജ്യ തലസ്ഥാനം കനത്ത ജാഗ്രതയില്‍. ജമ്മു കശ്മീരിലെ ഭീകരസംഘടനകള്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
ജൂണ്‍ ഒന്നിന് സ്ഫോടകവസ്തുക്കളുടെ ശേഖരം ജമ്മുവിലെ ഉള്‍പ്രദേശത്ത് എത്തിയതായും വരും ദിവസങ്ങളില്‍ സുരക്ഷാ സ്ഥാപനങ്ങള്‍, ക്യാമ്പുകള്‍, വാഹനങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഈ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.സൈനികരും ഭീകരരും ഇന്ന് ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടുകയും ഒരു സൈനികന് വീരമൃത്യു വരിക്കുകയും 4 ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ വിഘടനവാദികളും ഭീകരരും പഞ്ചാബ്, ജമ്മു കശ്മീരിന് സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സജീവമാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.