വയനാട് പുനരധിവാസം: കെ എന്‍ എം 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

വയനാട് പുനരധിവാസം: കെ എന്‍ എം 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

കല്പറ്റ :വയനാട് ദുരന്തത്തിനു ഇരയായ അമ്പത് കുടുംങ്ങള്‍ക്ക് കെ എന്‍ എം സംസ്ഥാന സമിതി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.100 കുടുംബങ്ങളെ പുനരധിവസിപ്പിക്കും.താത്കാലിക താമസ സൗകര്യം ഒരുക്കി കൊടുക്കുന്നതോടൊപ്പം ആവശ്യമുള്ള സാമഗ്രികള്‍ നല്‍കും. പാത്രങ്ങള്‍, കിടക്ക, കട്ടില്‍,അടുപ്പ് തുടങ്ങിയവയാണ് ഓരോ കുടുംബത്തിനും നല്‍കുക.കൂടാതെ സ്ഥിരം സംവിധാനം ആകുന്നത് വരെ വാടക നല്‍കാനും സഹായിക്കും.50 പേര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കും.
കടകളുടെ നവീകരണം,തൊഴില്‍ ഉപകരണങ്ങള്‍, ജീവിതമാര്‍ഗം കണ്ടെത്താനുള്ള സഹായം എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.50 കുടിവെള്ള പദ്ധതി നടപ്പിലാക്കും.വയനാട് ദുരന്തത്തില്‍ കുടിവെള്ള സ്രോതസ്സ് നഷ്ടപ്പെട്ടവര്‍ക്ക് കിണര്‍, ശുദ്ധജലത്തിനു അനുയോജ്യമായ മാര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കും. കൂടാതെ,100 കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ ഭക്ഷ്യ വസ്തുക്കളുടെ ചെലവ് കെ എന്‍ എം വഹിക്കും.
ഏതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുമായി സഹകരിച്ചു നിശ്ചിത തുകക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ മാസത്തില്‍ ഒരിക്കല്‍ വാങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കും. 50 കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനു സഹായം നല്‍കാനും കെ എന്‍ എം ഉദ്ദേശിക്കുന്നു. ദുരന്തത്തിനു ഇരയായ കുടുംബങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തില്‍ നിശ്ചിത തുക നല്‍കുന്ന പദ്ധതിയാണ് ഇത്. അതോടൊപ്പം ദുരന്തത്തിനു ഇരയായ പ്രദേശത്തെ 25 പെണ്‍കുട്ടികളെ കെ എന്‍ എം സാമൂഹിക സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവരുടെ ഭാവി ജീവിതത്തില്‍ ഉപകാരപ്പെടുന്ന കാര്യങ്ങള്‍ക്ക് സഹായം നല്‍കും.കൂടാതെ,ദുരന്തത്തിനു ഇരയായ കുടുംബങ്ങളില്‍ഡയാലിസിസ്, കിഡ്‌നി മാറ്റിവയ്ക്കല്‍ , മാറാരോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, എന്നിവര്‍ക്ക് വേണ്ടി കെ എന്‍ എംന്റെ കീഴില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ എം ബി ചികിത്സ സഹായം നല്‍കും.കെ എന്‍ എം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടക്കുന്ന എടവണ്ണ ജാമിഅഃ നദ്വിയ്യ,പുളിക്കല്‍ ജാമിഅ സലഫിയ്യ,പുളിക്കല്‍ മദീനത്തുല്‍ ഉലൂം, മോങ്ങം അന്‍വാറുല്‍ ഇസ്ലാം വിമന്‍സ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ കോഴ്സുകളില്‍ മാനേജ്മെന്റ് കോട്ടയില്‍ ദുരന്തബാധിത പ്രദേശത്തെ അര്‍ഹരായ നിശ്ചിത വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമടക്കം സൗജന്യ പ്രവേശനം നല്‍കുമെന്നും കെ എന്‍ എം പ്രസിഡന്റ് അറിയിച്ചു.

ദുരന്തനാളുകളില്‍ ഐഎസ്എം വളണ്ടിയര്‍ വിഭാഗമായ ഈലാഫ് നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മൃതദേഹങ്ങള്‍ തിരയാനും ഖബര്‍ കുഴിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും അവശ്യവസ്തുക്കള്‍ എത്തിക്കാനും ഈലാഫ് വളണ്ടിയര്‍മാര്‍ ചെയ്ത സേവനങ്ങള്‍ മറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ കെ എന്‍ എം ദുരന്തനാളുകളില്‍ ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ എന്‍ എം വനിതാ വിഭാഗമായ എംജിഎം ദുരന്തനാളുകളില്‍ സേവനരംഗത്ത് സജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസ പദ്ധതി ലോകനിലവാരത്തില്‍ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനുഗുണമായ രൂപത്തില്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും ശ്രമിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.കെ എന്‍ എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, വൈസ് പ്രസിഡന്റ് പ്രൊഫ .എന്‍ വി അബ്ദുറഹ്‌മാന്‍, സെക്രട്ടറിമാരായ ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, മീഡിയ കോ – ഓര്‍ഡിനേറ്റര്‍ നിസാര്‍ ഒളവണ്ണ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

വയനാട് പുനരധിവാസം:
കെ എന്‍ എം 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

 

Share

Leave a Reply

Your email address will not be published. Required fields are marked *