കണ്ണൂര്‍: കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയന്റ് ഓഫ് കോള്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ‘ സമര വിളംബര ജാഥയും, സമര പ്രഖ്യാപന കണ്‍വെന്‍ഷനും ആഗസ്റ്റ് 14 ന് മട്ടന്നൂരില്‍ നടക്കും. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജീവ് ജോസഫ് നയിക്കുന്ന ‘സമര വിളംബര ജാഥ’ 2 മണിക്ക് വായംതോട് നിന്നും ആരംഭിച്ച്, കൈലാസ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരും. 3 മണിക്ക് കൈലാസ് ഓഡിറ്റോറിയത്തില്‍ ‘സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍’ നടക്കും. കണ്ണൂര്‍ ജില്ലയിലെ ജനപ്രതിനിധികളും, എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളില്‍പെട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, സാമൂഹ്യ – സാംസ്‌കാരിക – സാമുദായിക നേതാക്കളും പങ്കെടുക്കും.
ഗള്‍ഫ് രാജ്യങ്ങളിലും, യൂറോപ്പിലും, അമേരിക്കയിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും, സിംഗപ്പൂരിലും, മലേഷ്യയിലും, ഓസ്ട്രേലിയയിലുമൊക്കെയായി ജീവിക്കുന്ന, വടകര മുതല്‍, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ ലക്ഷക്കണക്കിന് പ്രവാസികള്‍ ആശ്രയിക്കുന്നത് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. കുഗ്രാമങ്ങളിലെ ബസ് സ്റ്റോപ്പുകളുടെ അവസ്ഥയാണ് കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റേത്. ആവശ്യത്തിന് വിമാനങ്ങളില്ല. ലഭ്യമായ വിമാനങ്ങളുടെ ടിക്കറ്റ് വില അതിഭീകരം. സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റാത്ത രീതിയില്‍ ടിക്കറ്റ് വില കുത്തനെ ഉയരുവാന്‍ കാരണം, കൂടുതല്‍ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്തുവാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി കൊടുക്കാത്തതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം മൂലം സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രവാസികള്‍ സംസ്ഥാനത്തിനകത്തേയും പുറത്തേയും മറ്റ് എയര്‍പോര്‍ട്ടുകളിലൂടെ യാത്ര ചെയ്യേണ്ടിവരുന്നു. അതുമൂലം കണ്ണൂര്‍ എയര്‍പോര്‍ട്ട് ശൂന്യമായിക്കിടക്കുന്നു.യാത്രചെയ്യുവാന്‍ ലക്ഷക്കണക്കിന് പ്രവാസികള്‍ ഉണ്ടായിട്ടും, കണ്ണൂര്‍ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുവാന്‍ യാത്രക്കാര്‍ ഇല്ലാത്തത്, ആവശ്യത്തിനുള്ള വിമാന സര്‍വ്വീസ് ഇല്ലാത്തതുകൊണ്ടും, ലഭ്യമായ വിമാങ്ങളുടെ ടിക്കറ്റിന് കൊള്ളവില ഈടാക്കുന്നതുകൊണ്ടുമാണ്.
രാഷ്ട്രീയ കക്ഷി ഭേദമെന്യേ കേരളത്തിലെ എം.പിമാര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയിട്ടും, നാളിതുവരെ യാതൊരു വിധ നടപടികളും എടുക്കുന്നില്ലെന്ന് മാത്രമല്ല, ഓരോ ദിവസം കഴിയുംതോറും കണ്ണൂര്‍ എയര്‍പോര്‍ട്ടിലൂടെയുള്ള യാത്ര അങ്ങേയറ്റം ദുരിതമായി മാറിക്കൊണ്ടിരിക്കുന്നു.
കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ ഈ ദുരവസ്ഥക്കെതിരെ ജാതി -മത -കക്ഷി -രാഷ്ട്രീയ ഭേദമന്യേ, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തില്‍ ‘കണ്ണൂര്‍ എയര്‍പോര്‍ട്ട് ആക്ഷന്‍ കൗണ്‍സില്‍’ രൂപീകരിച്ച്, അതിശക്തമായ ജനകീയ മുന്നേറ്റത്തിന് തയ്യാറെടുത്തിരിക്കുന്നത്.