തിരുവനന്തപുരം: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലും വിലങ്ങാടും പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. വയനാട് പുനരധിവാസത്തെക്കുറിച്ചും വിലങ്ങാട് പാക്കേജിനെ സംബന്ധിച്ചുമുള്ള പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.വയനാട്ടിലെ വലിയ ദുരന്തത്തിനിടയില്‍ വിലങ്ങാടിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്നും വയനാട്ടിലെ അതേ രീതിയില്‍ വിലങ്ങാടിന്റെ ദു:ഖവും കാണണമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഓരോ കുടുംബത്തിനും മൈക്രോ ലെവല്‍ പാക്കേജ് ഉണ്ടാക്കണം, കടങ്ങള്‍ എഴുതിത്തള്ളണം, സാധാരണ നിലയില്‍ വീടും സ്ഥലവും കൊടുക്കുന്നതിന് പകരം കമ്മ്യൂണിറ്റി ലിവിങ്ങിന് സാധ്യമാകുന്ന തരത്തില്‍ ടൗണ്‍ഷിപ്പ് മാതൃക സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. സ്ഥലം കണ്ടെത്തിയാലുടന്‍തന്നെ പ്രതിപക്ഷവുമായി ചര്‍ച്ചനടത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചു.
ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖ്യാപിക്കേണ്ട ആവശ്യകതയും പ്രതിപക്ഷ നേതാവ് മുന്നോട്ട് വെച്ചു. ദുരന്ത മേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാനുള്ള നടപടികള്‍ സ്വീകരിക്കണം.ഗ്രാമങ്ങളില്‍നിന്ന് ചിതറിപ്പോയവരെ വീണ്ടും ഒരുമിച്ച് കൊണ്ടുവരണം, കൃഷിക്കും സൗകര്യം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവനല്‍കിയ വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ളവ എഴുതിത്തള്ളണമെന്ന ആവശ്യവും പ്രതിപക്ഷനേതാവ് ഉന്നയിച്ചിട്ടുണ്ട്.
പ്രോണ്‍ ഏരിയ മാപ്പിങും മുന്നറിയിപ്പ് സംവിധാനങ്ങളും കൊണ്ടുവരണം. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ശാസ്ത്ര സ്ഥാപനങ്ങളും കാലാവസ്ഥാ വകുപ്പുകളും കൊച്ചിന്‍ യൂണിവേഴ്സിറ്റി പോലുള്ള അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണം.
വിലങ്ങാട് മേഖലയില്‍ 24 ഉരുള്‍ പൊട്ടലുകളുണ്ടായെന്നാണ് ഔദ്യോഗിക കണക്ക്. നാല്‍പ്പതോളം ഉരുള്‍ പൊട്ടലുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായ ആഘാതമാണ് ഒരു ഗ്രാമത്തിലുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. നൂറ്റിഅന്‍പതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. 350 ഹെക്ടര്‍ കൃഷിനശിച്ചു. 116 ഹെക്ടര്‍ സ്ഥലത്ത് ഇനി കൃഷി ചെയ്യാന്‍ സാധിക്കില്ല. 25 റോഡുകള്‍ തകര്‍ന്നു. 7 പാലങ്ങള്‍ ഇല്ലാതായി. കുടിവെള്ള പദ്ധതികള്‍ നിലച്ചു. വാണിമേല്‍ പഞ്ചായത്ത് തയ്യാറാക്കിയ നാശ നഷ്ടങ്ങളുടെ കണക്ക് മുഖ്യമന്ത്രിക്ക് നല്‍കി.
പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കണം.നയ രൂപീകരണത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പ്രാധാന്യം നല്‍കണം. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തുന്നതും പരിഗണിക്കണം. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരുമായി സഹകരിച്ചത് പോലെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.