മാധബി ബുച്ചിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്

മാധബി ബുച്ചിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്

ന്യൂഡല്‍ഹി: ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി മേധാവി മാധബി പുരി ബുച്ചിനെതിരെ ാരോപണങ്ങള്‍ കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്. ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ സ്വഭാവഹത്യ നടത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മാധബിയും ഭര്‍ത്താവ് ധാവല്‍ ബുച്ചും പ്രസ്താവിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ തെളിവുകള്‍ നിരത്തി ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തിയിരിക്കുന്നത്. സെബി അംഗമായപ്പോള്‍ മാധബി ബുച്ച് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂര്‍ കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ അവര്‍ നിലനിര്‍ത്തിയെന്നും ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കി.

തനിക്ക് പല കമ്പനികളുമായും ബന്ധമുണ്ടായിരുന്നെന്നും ഇവയില്‍ ചിലതിന് ഉപദേശം നല്‍കിയിരുന്നെന്നും ഭര്‍ത്താവും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണെന്നും എന്നാല്‍ പിന്നീട് സ്വന്തമായി കമ്പനി രൂപീകരിക്കുകയും ചെയ്തെന്നുമായിരുന്നു മാധബി ബുച്ച് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. 2017ല്‍ സെബിയില്‍ അംഗമായതോടെ, ഈ കമ്പനികളുടെ ഓഹരികള്‍ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ സിംഗപ്പൂരില്‍ മാത്രമല്ല ഇന്ത്യയിലും മാധബിയും ഭര്‍ത്താവും ഷെല്‍ കമ്പനികള്‍ രൂപീകരിച്ചിരുന്നെന്നും അതില്‍ സിംഗപ്പൂര്‍ കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയതെന്നും ഇന്ത്യയിലെ കമ്പനികളിലെ 99 ശതമാനം ഓഹരിയും അതിന്റെ ലാഭവും മാധബിയുടെ പേരിലാണെന്നും ചൂണ്ടിക്കാട്ടിയുള്ള രേഖകളാണ് ഇപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്.

ഇവരുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ബാല്യകാല സുഹൃത്ത് കൂടിയായ അനില്‍ അഹുജ, ഇതിനകം തന്നെ പലപ്പോഴും അദാനിയുടെ സ്ഥാപനങ്ങളില്‍ മാനേജറായി ജോലി ചെയ്തിട്ടുള്ള ആളാണ്. അതിനാല്‍ തന്നെ മാധബി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനിയുടെ വിവിധ കമ്പനികളും അവയുടെ മേധാവികളുമായി നിരന്തരം ബന്ധമുണ്ടായിരുന്നെന്നും ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.

അദാനിയുമായി ബന്ധമില്ലെന്നും നിരപരാധിയാണെന്നും തങ്ങള്‍ക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് പക വീട്ടുകയാണെന്നും ഇതിനെതിരെ നിയമനടപടിയിലേക്ക് കടക്കുകയുമാണെന്നും പറഞ്ഞാണ് സെബി മുന്നോട്ടുപോയത്.

സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ ഷെല്‍ കമ്പനികളില്‍ പങ്കുണ്ടെന്നാണ് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢ കമ്പനികളില്‍ ഇരുവര്‍ക്കും നിക്ഷേപമുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 

മാധബി ബുച്ചിനെതിരെ ആരോപണങ്ങള്‍
കടുപ്പിച്ച് ഹിന്‍ഡന്‍ബര്‍ഗ്

 

Share

Leave a Reply

Your email address will not be published. Required fields are marked *