എരഞ്ഞിപ്പാലം: ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണ് എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തില്‍ കഴിഞ്ഞിരുന്ന പഴയ അന്തേവാസികള്‍. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വി. ആര്‍. നായനാര്‍ എന്ന സാമൂഹ്യ പരിഷ്‌ക്കര്‍ത്താവിന്റെ നേതൃത്വത്തില്‍ 1943-ലെ കോളറ കാലഘട്ടത്തില്‍ അനാഥരായ 54 പെണ്‍കുട്ടികള്‍ക്കായുള്ള അഭയകേന്ദ്രമായി കോഴിക്കോട് എരഞ്ഞിപ്പാലത്ത് ആരംഭിച്ചതാണ് നായനാര്‍ ബാലികാ സദനം. 1945-ല്‍ വി. ആര്‍. നായനാരിന്റെ മരണ ശേഷം നായനാര്‍ ബാലികാ സദനത്തിന്റെ ചുമതല ഏറ്റെടുത്ത് നടത്തിയിരുന്നത് അദ്ദേഹത്തിന്റെ ഭാര്യയായ കയറാട്ട് മാധവിയമ്മ എന്ന മിസ്സിസ്സ് വി. ആര്‍. നായനാരായിരുന്നു. പിന്നീട് 1972 മുതല്‍ അനാഥരും അല്ലാത്തവരുമായ ദളിത് യുവതികള്‍ക്ക് താമസിച്ചു പഠിക്കുവാനുള്ള കേന്ദ്രമായി മിസ്സിസ് നായനാരുടെ മേല്‍നോട്ടത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുകയായിരുന്നു.
1960-75 കാലഘട്ടത്തില്‍ നായനാര്‍ ബാലികാ സദനത്തില്‍ താമസിച്ചു പഠിച്ചിരുന്ന 20 മുന്‍ അന്തേവാസികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം സദനത്തില്‍ യാദൃശ്ചികമായി ഒത്തുകൂടി അവരുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവച്ചു. ”എവിടെയാണെങ്കിലും ചിട്ടയോടെ ജീവിക്കണമെന്നാണ് ഞങ്ങളെ അമ്മ പഠിപ്പിച്ചിട്ടുള്ളത്. അത് ഞങ്ങള്‍ ഇപ്പോഴും പിന്തുടരുന്നു.”
”അമ്മ” എന്ന് സദനത്തിലെ അന്നത്തെ അന്തേവാസികള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന മിസ്സിസ് നായനാരെ അവരേവരും ആദരപൂര്‍വ്വം സ്മരിച്ചു.
അടുക്കും ചിട്ടയോടെയുമുള്ള മിതത്വമാര്‍ന്ന ജീവിതം വ്യവസ്ഥയോടെ ജീവിക്കുവാന്‍ അമ്മ പഠിപ്പിച്ചതാണെന്നും. അത്തരമൊരു മാതൃകാപരമായ ജീവിത രീതി തങ്ങളുടെ മക്കളിലേക്ക് പകര്‍ന്നു നല്‍കുവാനായെന്നും അവര്‍ പറഞ്ഞു.
ചിരിയും നൊമ്പരവുമെല്ലാമായൊരു സ്‌നേഹ നിമിഷത്തിന് സദനം സാക്ഷിയായി. പഴയ സുഹൃത്തുക്കളുമായി ഒരുമിച്ചുണ്ടായിരുന്ന ഇടം വീണ്ടും സന്ദര്‍ശിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു അവരേവരും. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചതിനു ശേഷമാണ് അവര്‍ പിരിഞ്ഞത്.
നിലവില്‍ യുഎല്‍ കെയര്‍ നായനാര്‍ സദനം എന്ന പേരില്‍ 18 വയസ്സിന് മുകളിലുള്ള ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മുതിര്‍ന്ന വ്യക്തികളുടെ തൊഴില്‍ പരിശീലന കേന്ദ്രമായി നായനാര്‍ ബാലികാ സദനം പ്രവര്‍ത്തിച്ചു വരുന്നു.
അന്നത്തെ കാലത്ത് നായനാര്‍ ബാലികാ സദനത്തില്‍ നിന്നും പഠിച്ച് ജോലി നേടി കല്യാണം കഴിഞ്ഞ് പോയ ഒരുപാട് അന്തേവാസികളുണ്ട്. അവരെ കണ്ടെത്തുക എന്ന ലക്ഷ്യമാണ് പ്രസ്തുത കൂടിച്ചേരല്‍കൊണ്ട് ഉദ്ദേശിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും
നായനാര്‍ ബാലികാ സദനത്തില്‍ ഒത്തുചേര്‍ന്നു