കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ തൊഴില്‍കരാര്‍ സഹകരണസംഘമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎല്‍സിസിഎസ്) ഐസിഎ ഡോമസ് ട്രസ്റ്റും (ഐഡിടി) മൂന്നു ദിവസത്തെ ദേശീയ ‘കോപ് പിച്ച് 2024’ സംഘടിപ്പിക്കുന്നു. യുഎല്‍സിസിഎസിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായ പരിപാടി ഒക്ടോബര്‍ 16 മുതല്‍ 18 വരെ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം-കെ) നടക്കും. യുവജനങ്ങള്‍ക്കിടയില്‍ സഹകരണസംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചു സംഘടിപ്പിക്കുന്ന മത്സരം ഉള്‍പ്പെടെയുള്ള പരിപാടിയില്‍ ഐഐഎം-കെ, ടിങ്കര്‍ഹബ് എന്നിവയും പങ്കുചേരും.
യുവാക്കള്‍ക്ക് സഹകരണസംരംഭകത്വം അതിന്റെ തത്വങ്ങള്‍, സമ്പ്രദായങ്ങള്‍, സാധ്യതയുള്ള സംരംഭങ്ങള്‍ എന്നിവയടക്കം പഠിക്കാന്‍ സഹായിക്കുന്ന വേദിയായാണ് കോപ് പിച്ച് 2024 വിഭാവനം ചെയ്തിട്ടുള്ളത്. കൂട്ടായ സംരംഭകത്വത്തിനും നൂതന ബിസിനസ്സ് ആശയങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്ന പ്രായോഗികപ്രവര്‍ത്തനങ്ങള്‍ മൂന്നുദിവസത്തെ പരിപാടിയില്‍ ഉണ്ടാകും. ലക്ഷ്യങ്ങളില്‍ ഊന്നിയുള്ള വര്‍ക്ക് ഷോപ്പുകള്‍, ശേഷി വര്‍ദ്ധിപ്പിക്കുന്ന സെഷനുകള്‍, തുടര്‍ച്ചയായ മാര്‍ഗ്ഗനിര്‍ദ്ദേശം, മെന്റോര്‍ഷിപ് എന്നിവയും ഇതിന്റെ ഭാഗമാണ്.
അഗ്രി-ടെക്, സേഫ് ഫുഡ്: കൃഷിയിലെയും ഭക്ഷ്യസുരക്ഷയിലെയും പുതുമകള്‍, കെയര്‍ ഇക്കോണമി ആന്‍ഡ് സോഷ്യല്‍ സെക്ടര്‍: സാമൂഹിക പരിപാലനത്തിനും ക്ഷേമത്തിനുമുള്ള സഹകരണപരിഹാരങ്ങള്‍, പ്ലാറ്റ്‌ഫോം സഹകരണങ്ങള്‍: സഹകരണസംഘങ്ങളായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സുസ്ഥിരതയും ഹരിതസമ്പദ് വ്യവസ്ഥയും: പരിസ്ഥിതിസൗഹൃദ ബിസിനസ്സ് മോഡലുകള്‍, വിദ്യാഭ്യാസവും നൈപുണ്യവികസനവും എന്നിവയുള്‍പ്പെടെ നിരവധി നിര്‍ണ്ണായകവിഷയങ്ങള്‍ മത്സരത്തില്‍ ഉണ്ടാകും.
വര്‍ക്ക്‌ഷോപ്പുകളുംം സെഷനുകളും കൂടാതെ മികച്ച ഫൈനലിസ്റ്റ് ടീമുകള്‍ക്ക് ഗ്രാന്റ് പണവും മത്സരവേളയില്‍ അവര്‍ സൃഷ്ടിക്കുന്ന ആശയങ്ങള്‍ സഹകരണസംരംഭങ്ങളായി വികസിപ്പിക്കാന്‍ വേണ്ട വിഭവങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശവും ഉറപ്പാക്കുന്ന ഒരു വര്‍ഷത്തെ മെന്റോര്‍ഷിപ്പും നല്‍കും. താല്‍പ്പര്യമുള്ള യുവസംരംഭകര്‍ക്ക് 2024 ഓഗസ്റ്റ് 15-നുമുമ്പ്
https://idt.coop/coop-pitch/registration/ വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://idt.coop/coop-pitch/
യുഎല്‍സിസിഎസ് ശതാബ്ദിയാഘോഷം
ദേശീയ ‘കോ-ഓപ് പിച്ച് 2024’ ഒക്ടോബറില്‍