എഡിറ്റോറിയല്‍
രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന ഒരു നേതാവുകൂടി മറഞ്ഞിരിക്കുന്നു. സ്വജീവിതം അടിമുടി കമ്യൂണിസ്റ്റായ സമാനതകളില്ലാത്ത ജനനേതാവിനെയാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരന് എങ്ങനെ ജീവിക്കണമെന്ന് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ് സാക്ഷ്യം. അതിലളിതമായി ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1977ല്‍ എംഎല്‍എയും 33-ാം വയസ്സില്‍ മന്ത്രിയും, 2000ല്‍ ബംഗാളിന്റെ മുഖ്യമന്ത്രിയുമായി ജീവിച്ച അദ്ദേഹം പൊതു ജീവിതം കൊണ്ട് ഒരു നയാപൈസ സമ്പാദിക്കാത്ത ഉത്തമനായ രാഷ്ട്രീയ നേതാവാണ്. ബംഗാളിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്ക്കുമ്പോള് അദ്ദേഹം താമസിച്ചിരുന്നത് 100 രൂപയുടെ വാടക വീട്ടിലായിരുന്നു.അദ്ദേഹവും കുടുംബവും കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നത്. മുണ്ടുമുറുക്കിയുടുത്ത് ജീവിക്കണം എന്ന് പറയുന്നത് പോലെ അക്ഷരാര്‍ത്ഥത്തില്‍ മുണ്ട് മുറുക്കിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളിലൊന്നായ ബംഗാളിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അദ്ദേഹവും കുടുംബവും ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭവിച്ച് ജീവിച്ചതെന്ന് അക്കാലത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. കമ്യൂണിസ്റ്റ്കാരന് ജീവിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. സാമൂഹിക മാറ്റത്തിന്റെ ചാലക ശക്തിയാവണം ഓരോ വ്യക്തിയുമെന്ന ദര്‍ശനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടേത്. ജനങ്ങളുടെ പ്രശ്ന പരിഹാരവും അവരുടെ ക്ഷേമവും ഉറപ്പുവരുത്താനാണ് കമ്യൂണിസ്റ്റുകാരന് സ്വജീവിതം സമര്‍പ്പിക്കുന്നത്. ജന ജീവിതം എല്ലാ കാലത്തും പ്രയാസങ്ങളിലൂടെയാണ് പോകുന്നത്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക മേഖലയിലെ ചെറു ന്യൂനപക്ഷത്തിന്റെ കേന്ദ്രീകരണമാണ്. സമ്പത്ത് ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ബഹുഭൂരിപക്ഷത്തിന്റെയും ക്ഷേമം ഉറപ്പാക്കാനാവില്ലെന്ന തിരിച്ചറിയലാണ് എല്ലാ വിഭാഗത്തിനും ക്ഷേമം ഉറപ്പാക്കാന്‍ കമ്യൂണിസ്റ്റുകാരന് പോരാടുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധദേവ് ഭട്ടാചാര്യയെന്ന കമ്യൂണിസ്റ്റ് നേതാവ് ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു.ഒരു കമ്യൂണിസ്റ്റുകാരന് സമൂഹത്തിന് മാതൃകയാവണം. വ്യക്തി ജീവിതം മുതല്‍ കുടുംബ ജീവിതം തൊട്ട് സാമൂഹിക ജീവിതം വരെ, ബംഗാളിന്റെ പുരോഗതിക്കായി അക്ഷീണം പ്രയത്നിച്ച മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേവ്. സംസ്ഥാനത്ത് വികസന പദ്ധതികള്‍ നടപ്പിലാക്കാനുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ പ്രതികൂലമായാണ് ഭവിച്ചത്. ബംഗാളിലെ യുവജനങ്ങളുടെ ഭാവിക്കായാണ് അദ്ദേഹം പദ്ധതികള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. അത് തിരിച്ചറിയപ്പെടണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി ബംഗാളില്‍ തിരിച്ചുവരുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയടക്കം മൂല്യച്യുതികള്‍ വേട്ടയാടുന്ന കാലത്ത് എല്ലാ കമ്യൂണിസ്റ്റുകള്‍ക്കും ഹൃദയത്തോട് ചേര്‍ക്കാവുന്ന നാമമാണ് ബുദ്ധദേവിന്റേത്. കാലം ആവശ്യപ്പെടുന്നത് ഇത്തരം മഹത്തായ നേതാക്കളെ തന്നെയാണ്. ബുദ്ധദേവ് ഭട്ടാചാര്യക്ക് ആദരാജ്ഞലികള്‍.