രാജിവച്ചതിനാല്‍ ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരില്ല;മകന്‍ സജീബ് വാസിദ്

രാജിവച്ചതിനാല്‍ ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരില്ല;മകന്‍ സജീബ് വാസിദ്

ദില്ലി: കലാപത്തെ തുടര്‍ന്ന് ഇന്ത്യയിലെത്തിയ ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, രാജി വെച്ചതിനാല്‍ ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് മകന്‍ സജീബ് വാസിദ്. ഷെയ്ഖ് ഹസീനയ്ക്ക് യുകെ രാഷ്ട്രീയ അഭയം നല്‍കില്ലെന്ന വാര്‍ത്തയോട് അങ്ങനൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് സജീബിന്റെ പ്രതികരണം. ഇന്ത്യയല്ലാതെ മറ്റൊരിടത്തും ഷെയ്ഖ് ഹസീന അഭയം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി അമ്മ രാഷ്ട്രീയത്തിലേക്കില്ലെന്നും കുടുംബം ഒന്നിച്ച് തുടരാനാണ് ആഗ്രഹിക്കുന്നതെന്നും സജീബ് കൂട്ടിച്ചേര്‍ത്തു. താന്‍ വാഷിങ്ടണിലും, തന്റെ സഹോദരി ഡല്‍ഹിയിലും അമ്മയുടെ സഹോദരി ലണ്ടനിലുമാണ്. അമ്മക്ക് എവിടെ വേണമെങ്കിലും താമസിക്കാം.

ഷെയ്ഖ് ഹസീനയും സഹോദരി രഹാനയും ഇന്ത്യയില്‍ നിന്നും ലണ്ടനില്‍ അഭയം തേടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ യുകെ ഭരണകൂടം ഹസീനയോട് മുഖം തിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ യുഎസ് ഷെയ്ഖ് ഹസീനയുടെ വീസ റദ്ദാക്കുകയും ചെയ്തു. രാജിവച്ചതിനു ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഹസീന എത്തിയത്.ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്.തല്‍ക്കാലം ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും.
പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബീഗം ഖാലിദ സിയയെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. അഴിമതിക്കേസുകളില്‍ ജയിലായിരുന്ന ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാവ് ബീഗം ഖാലിദ സിയയെ മോചിപ്പിച്ചതായും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പേരെയും ജയില്‍ മോചിതരാക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് സ്വീകാര്യനായ സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ സമ്മതമറിയിച്ചു കഴിഞ്ഞു.

 

 

രാജിവച്ചതിനാല്‍ ഷെയ്ഖ് ഹസീന ഇനി രാഷ്ട്രീയത്തിലേക്ക്
തിരിച്ചു വരില്ല;മകന്‍ സജീബ് വാസിദ്

 

Share

Leave a Reply

Your email address will not be published. Required fields are marked *