പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ പ്രതീക്ഷക്ക് ചിറക് നല്‍കുന്നതായിരുന്നു യോഗ്യതാ റൗണ്ടില്‍ നീരജ് ചോപ്രയുടെ പ്രകടനം. ഫൈനല്‍ യോഗ്യതയ്ക്കു വേണ്ട ദൂരം 84 മീറ്ററാണെന്നിരിക്കെ, ആദ്യ ശ്രമത്തില്‍ത്തന്നെ 89.34 മീറ്റര്‍ ദൂരം കുറിച്ച് തികച്ചും ഉജ്ജ്വലമായിരുന്നു നീരജിന്റെ ഫൈനല്‍ പ്രവേശം. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് തന്നെയായിരുന്നു നിലവില്‍ ഏറ്റവും മികച്ച ദൂരമെറിഞ്ഞതും.നീരജിന്റെ ഈ ഐതിഹാസിക പ്രകടനത്തിന് തിളക്കമേറ്റുന്ന വേറെയും ഘടകങ്ങളുണ്ട്. ടോക്കിയോയില്‍ നീരജിന് സ്വര്‍ണമെഡല്‍ സമ്മാനിച്ച സ്വപ്ന ദൂരം 87.58 മീറ്ററായിരുന്നു. ഇത്തവണ യോഗ്യതാ റൗണ്ടില്‍ എ ഗ്രൂപ്പില്‍ മത്സരിച്ച താരങ്ങളില്‍ ജര്‍മനിയുടെ ലോക ചാംപ്യന്‍ ജൂലിയന്‍ വെബര്‍ ഇതിലും മികച്ച ദൂരം കണ്ടെത്തിയാണ് ഫൈനലിലേക്കു ടിക്കറ്റെടുത്തത്. 87.76 മീറ്റര്‍ ദൂരത്തേക്കു ജാവലിന്‍ പായിച്ച വെബര്‍ ഇത്തവണ നീരജിന്റെ സുവര്‍ണ മോഹങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുമ്പോഴാണ്, അതിലും 1.58 മീറ്റര്‍ ദൂരം കൂടുതല്‍ കണ്ടെത്തിയുള്ള നീരജിന്റെ തിരിച്ചടി.വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ യുക്രൈന്റെ ഒക്സാന ലിവാച്ചിനെ തകര്‍ത്താണ് സെമി പ്രവേശം സാധ്യമാക്കിയത്. 7-5നാണ് ജയം.