കോഴിക്കോട്:സമാനതകളില്ലാത്ത മനോധൈര്യത്തില്‍ ആര്‍ക്കും ചികിത്സ വൈകരുതെന്ന ഒറ്റചിന്തയിലായിരുന്നു ഡോക്ടര്‍ ലൊവേന മുഹമ്മദ് റോപ്പ് വഴി മറുകരയിലേക്ക് പോകാന്‍ തീരുമാനിച്ചത്.ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയെ രണ്ടായി പിളര്‍ത്തിയ പുഴയുടെ മറുകരയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി ഇക്കരെയെത്തിക്കാനും അവര്‍ക്കുവേണ്ട ചികിത്സ നല്‍കാനും ഭയാനകമാം വിധം കുത്തിയൊഴുകുന്ന പുഴക്ക് മേലെ തയ്യാറാക്കിയ താല്‍ക്കാലിക റോപ്പില്‍ കയറി സാഹസികമായി മറുകരയിലെത്തിയാണ് ദുരന്ത മുഖത്ത് ഡോക്ടര്‍ തന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.പരിക്കേറ്റെത്തിയ നിരവധി പേരെയാണ് അവിടെയെത്തി പ്രാഥമിക ചികിത്സ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ സേവനം ഉപയോഗിച്ച് ആശുപത്രിയിലെത്തിക്കാനും ഡോക്ടര്‍ നേതൃത്വം നല്‍കി.
ഹൃദയം നുറുങ്ങി പോകുന്ന കാഴ്ചകള്‍ക്കും,വൈകാരികമായ പിരിമുറുക്കങ്ങള്‍ക്കും മധ്യേ ദുരന്ത മുഖത്ത് സാന്ത്വനമായി നിലയുറപ്പിക്കാന്‍ ഡോക്ടര്‍ക്ക് സാധിച്ചത് തൊഴിലിനോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതമാത്രമല്ല, മാനവികതയിലുറച്ച സാമൂഹ്യ ബോധ്യങ്ങളാണ്. ഡോക്ടറുടെ ഈ മനോവികാരമാണ് അവരുടെ സേവനത്തിന് പൊന്‍തൂവല്‍ ചാര്‍ത്തുന്നതും.
ഡോ. ലൊവേന മുഹമ്മദ്, സമാനതകളില്ലാത്ത ധൈര്യശാലി