കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് വിശ്വാസമാര്‍ജ്ജിച്ച സ്ഥാപനം; ടി.പി.ദാസന്‍

കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് വിശ്വാസമാര്‍ജ്ജിച്ച സ്ഥാപനം; ടി.പി.ദാസന്‍

കോഴിക്കോട്: സഹകരണ മേഖലയ്ക്ക് വിശ്വാസ്യതയുടെ കരുത്ത് പകര്‍ന്നും, സഹകാരികളുടെ പിന്തുണ ഊട്ടിയുറപ്പിച്ചും കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക് മുന്നോട്ട് പോകുകയാണെന്ന് ബാങ്ക് ചെയര്‍മാനും പ്രമുഖ സഹകാരിയുമായ ടി.പി.ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കിന്റെ 109-ാമത് വാര്‍ഷിക പൊതുയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക പൊതുയോഗത്തില്‍ വലിയ പങ്കാളിത്തമാണുണ്ടാക്കിയത്. ഈ വര്‍ഷം അംഗങ്ങള്‍ക്ക് 9% ലാഭവിഹിതം നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാളും അധികമാണിത്. ബാങ്കിന്റെ ഒരു പുതിയ ബ്രാഞ്ച് മുക്കത്ത് ഉടനെ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന മൂലധന പര്യാപ്തതയുള്ള ബാങ്കാണ് കാലിക്കറ്റ് സഹകരണ അര്‍ബണ്‍ ബാങ്ക്. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ബാങ്ക് പ്രവര്‍ത്തിക്കുന്നതിനാല്‍ ബാങ്കിന്റെ നെറ്റ് എന്‍പിഎ 0.11% എന്ന താഴ്ന്ന നിരക്കിലേക്ക് എത്തിക്കാനായി. എല്ലാ കാലത്തും നിക്ഷേപകരുടെ പണം ജാഗ്രതയോടെ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്. ബാങ്കിന്റെ മൂലധന പര്യാപ്തത 20.65%മാണ്. സംസ്ഥാനത്തെ അര്‍ബണ്‍ ബാങ്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബാങ്കിന്റെ അസറ്റ് ക്വാളിറ്റി നിലനിര്‍ത്താനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

അസറ്റ് ക്വാളിറ്റിക്ക് പ്രാധാന്യം നല്‍കാതെ എളുപ്പമാര്‍ഗ്ഗത്തില്‍ പെട്ടെന്ന് ബിസിനസ്സ് വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിച്ചതാണ് പല സഹകരണ സ്ഥാപനങ്ങളുടെയും തകര്‍ച്ചക്ക് കാരണമായതെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കിംഗ് രംഗത്ത് മികച്ച സഹകരണ ബാങ്കുകള്‍ക്ക് ദേശീയ തലത്തില്‍ നല്‍കിവരുന്ന നിരവധി അവാര്‍ഡുകള്‍ ബാങ്കിനെ തേടിയെത്തിയിട്ടുണ്ട്. 2024ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അര്‍ബണ്‍ ബാങ്കിനുള്ള പുരസ്‌ക്കാരം ബാങ്കിന് ലഭിക്കുകയുണ്ടായി. ഏതൊരു ബാങ്കിന്റെയും വളര്‍ച്ച സൂചിപ്പിക്കുന്ന കുറഞ്ഞ എന്‍പിഎ നിരക്ക്, ഉയര്‍ന്ന സിആര്‍എആര്‍(CRAR), സ്ഥിരതയുള്ള ലാഭക്ഷമത എന്നിവ ബാങ്കിന് തുടര്‍ച്ചയായി നിലനിര്‍ത്താന്‍ സാധിച്ചതിനാല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാന്‍ഷ്യല്‍ സൗണ്ട് ആന്റ് വെല്‍ മാനേജസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ പ്രധാന ബാങ്കാണ്.

ബാങ്കിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിതം 326.25 ലക്ഷം രൂപയാണ്. കോവിഡ്, പ്രളയം എന്നീ പ്രയാസമേറിയ കാലത്ത് പോലും ബാങ്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനകരമായ നിരവധി സ്‌കീമുകള്‍ ബാങ്ക് നല്‍കിവരുന്നുണ്ട്. ആര്‍ബിഐയുടെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ ഡിഐസിജിസി ഇന്‍ഷൂറന്‍സ് പരിരക്ഷയുമുണ്ട്. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെ ജനറല്‍, ഹെല്‍ത്ത്, ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങളും ബാങ്ക് ഇടപാട്കാര്‍ക്ക് നല്‍കിവരുന്നുണ്ട്. കോവിഡ്, പ്രളയ കാലത്ത് ഒരു കോടിയോളം രൂപ സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ട്. വയനാട് മുണ്ടക്കൈയിലുണ്ടായ പ്രളയ ദുരന്തത്തില്‍ സര്‍ക്കാരിലേക്ക് 2 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. ബാങ്കിന് 46701.97 ലക്ഷം വര്‍ക്കിംഗ് ക്യാപിറ്റലും, 56915.78 ലക്ഷം രൂപയുടെ ടോട്ടല്‍ ബിസിനസ്സുമുണ്ട്. 6329.98 ലക്ഷം രൂപ റിസര്‍വ്വ് ഫണ്ടുമുണ്ട്.

27-4-1915ല്‍ കെ.ആര്‍.രാമസ്വാമി പ്രസിഡണ്ടായി പ്രവര്‍ത്തനമാരംഭിച്ച ബാങ്കിനെ മുന്‍കാലങ്ങളില്‍ നയിച്ചവരുടെ ആത്മാര്‍ത്ഥതയും, സത്യസന്ധതയുമാണ് ഇന്ന് കാണുന്ന ബാങ്കിന്റെ വളര്‍ച്ചക്കാധാരം. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ ഈ രംഗത്ത് അത്യാവശ്യമാണെങ്കിലും ചില നിയന്ത്രണങ്ങള്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാങ്കിന്റെ ഏരിയാ ഓപ്പറേഷനിലുള്ള നിയന്ത്രണം. കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്കിന് കോഴിക്കോട് താലൂക്ക് മാത്രമാണ് ഓപ്പറേഷന്‍ ഏരിയ. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ അര്‍ബണ്‍ ബാങ്കുകള്‍ക്ക് അത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനം മുഴുവന്‍ ഓപ്പറേഷന്‍ ഏരിയ ലഭിക്കുന്നുണ്ട്. മറ്റൊന്ന് നബാര്‍ഡിന്റെ ഫണ്ട് ഇത്തരം ബാങ്കുകള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ്. 4% പലിശക്ക് നബാര്‍ഡ് നല്‍കുന്ന ഫണ്ട് മറ്റ് സഹകരണ, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്ക് ലഭിക്കുമ്പോള്‍ അര്‍ബണ്‍ ബാങ്കുകള്‍ക്കും ലഭിക്കാനുള്ള നടപടികളുണ്ടാവണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം റിസര്‍വ്വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍മാരായ കെ.പി.അബൂബക്കര്‍, സി.ബാലു, എം.ബിജുലാല്‍, പി.വി.മാധവന്‍, പി.ആര്‍.സുനില്‍ സിങ്, സി.അശോകന്‍, കെ.സുഗന്ധി, കെ.സീനത്ത്, സിഇഒ പി.രാഗേഷ് എന്നിവര്‍ പങ്കെടുത്തു.

 

കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബണ്‍ ബാങ്ക്
വിശ്വാസമാര്‍ജ്ജിച്ച സ്ഥാപനം; ടി.പി.ദാസന്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *