മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസത്തിന് മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്നു കോടി രൂപ നല്‍കുമെന്ന് നടന്‍ മോഹന്‍ലാല്‍. ഉര്‍ള്‍പൊട്ടലില്‍ നാശം സംഭവിച്ച മുണ്ടക്കൈ എല്‍.പി സ്‌കൂള്‍ പുതുക്കി നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.ആദ്യഘട്ടമായാണ് 3 കോടി രൂപ നല്‍കുക. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകള്‍ സന്ദര്‍ശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
സങ്കടകരമായ കാഴ്ചകളാണ് വയനാട്ടില്‍ കണ്ടത്. ഇവിടെത്തിയാലേ അതിന്റെ വ്യാപ്തി മനസ്സിലാകൂ. ഒറ്റനിമിഷം കൊണ്ട് ഒട്ടേറെപ്പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടു. എന്നാല്‍ നമ്മളെല്ലാവരും ഒന്നിച്ചുചേര്‍ന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് വലിയ കാര്യമാണ്. ഇന്ത്യന്‍ സൈന്യം, വ്യോമസേന. നാവികസേന, അഗ്‌നിരക്ഷാസേന, എന്‍ഡിആര്‍എഫ്, പൊലീസ്, ആതുരസേവകര്‍, എല്ലാത്തിനും ഉപരി നാട്ടുകാര്‍ എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണ്. ചുരുങ്ങിയ സമയംകൊണ്ട് ബെയ്ലി പാലം നിര്‍മിക്കാനായതു തന്നെ അത്ഭുതമാണ്.
ഞാനും കൂടി ഉള്‍പ്പെടുന്ന 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസാണ് ആദ്യം ഇവിടെയെത്തുന്നത്. അതിലെ നാല്‍പ്പതോളം പേര്‍ ആദ്യമെത്തി വലിയ പ്രയത്‌നങ്ങള്‍ നടത്തി. ഒരുപാട് പേരെ രക്ഷിച്ചു. ഇവര്‍ക്കൊക്കെ പ്രചോദനമാകാനും അവരോട് നന്ദി പറയാനും മനസ്സുകൊണ്ട് അവരെ നമസ്‌കരിക്കാനുമാണ് ഇവിടെയെത്തിയത്. ഇത്തരം ദുരന്തങ്ങള്‍ ഇനിയുണ്ടാകാതിരിക്കാന്‍ നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കണണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ചൂരല്‍മല, മുണ്ടക്കൈ പുനരധിവാസത്തിന് 3 കോടി പ്രഖ്യാപിച്ച് നടന്‍ മോഹന്‍ലാല്‍